തിരുവനന്തപുരം: എക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിമർശനവുമായി ഷോൺ ജോർജ്. ഭാര്യ കമല വിജയന്റെ പെൻഷൻ ക്യാഷ് കൊണ്ടാണ് മകൾ കമ്പനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമർശം ചൂണ്ടികാട്ടിയാണ് ഷോൺ വിമർശനവുമായി രംഗത്തെത്തിയത്. എക്സാലോജിക്കിന്‍റെ ബാലൻസ് ഷീറ്റിന്‍റെ രേഖ പുറത്തുവിട്ട ഷോൺ, ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നടത്തിയത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന പരാമർശമാണെന്നാണ് കേസിലെ പരാതിക്കാരനായ ഷോൺ ജോർജ് പറയുന്നത്. ആരോപിച്ചു. ഷോൺ പുറത്തുവിട്ട എക്സാലോജിക്കിന്‍റെ ബാലൻസ് ഷീറ്റ് പ്രകാരം വീണയുടെ നിക്ഷേപമായ ഒരു ലക്ഷം രൂപയും, വായ്പയായി കിട്ടിയ 78 ലക്ഷവും കൊണ്ടാണ് കമ്പനി തുടങ്ങിയെതന്നാണ് വ്യക്തമാകുന്നത്. ഡയറക്ടറായ വീണയിൽ നിന്ന് തന്നെയെടുത്ത 78 ലക്ഷത്തിന്‍റെ വായ്പയാണ് യഥാർത്ഥത്തിൽ കമ്പനി മൂലധനമെന്നാണ് ഷോണിന്‍റെ വാദം. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇക്കാര്യം സഭാ സമിതി അന്വേഷിക്കണമെന്നും ഷോൺ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷോണിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു ?
കേരള നിയമസഭയിൽ തന്റെ മകളുടെ കമ്പനി ഭാര്യ കമല വിജയന്റെ പെൻഷൻ ക്യാഷ് കൊണ്ടാണ് തുടങ്ങിയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു . ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീണ വിജയന്റെ എക്സാലോജിക് കമ്പനി നൽകിയ ബാലൻസ് ഷീറ്റിൽ കമ്പനി തുടങ്ങാൻ ഉപയോഗിച്ച പണം എത്രയാണെന്ന് വ്യക്തമാക്കുന്ന രേഖ ഇതോടൊപ്പം നൽകുന്നു.
ഇതിൽ സഭാ സമിതി അന്വേഷിക്കണം.
Shone George produces balance sheet of Exalogic Veena vijayan case details