അലബാമ: ശനിയാഴ്ച രാത്രിയോടെ തെക്കുപടിഞ്ഞാറന്‍ അലബാമയില്‍ മെയ് ദിന പരിപാടിക്കിടെയുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി സ്റ്റോക്ക്ടണിലെ കമ്മ്യൂണിറ്റിയില്‍ നടന്ന ഒത്തുചേരലില്‍ ഏകദേശം 1,000 ആളുകള്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ദാരുണമായ വെടിവയ്പ്പുണ്ടായത്. ഒരു തര്‍ക്കം ആരംഭിക്കുന്നതുവരെ പരിപാടി സമാധാനപരമായിരുന്നു. അതിനിടെ ഒരാള്‍ ഒരു വലിയ ജനക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കാന്‍ തുടങ്ങിയെന്നാണ് സാക്ഷികള്‍ പറയുന്നത്. ഏകദേശം 9:30 ഓടെ സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു.
വെടിയേറ്റ ഒരു സ്ത്രീയുടെ കാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. കുറഞ്ഞത് 18 പേര്‍ക്ക് വെടിയേറ്റെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ അധിക വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഒന്നിലധികം ആളുകള്‍ വെടിവയ്പ്പു നടത്തിയിട്ടുണ്ടാകാമെന്ന് അന്വേഷകര്‍ കരുതുന്നു. ഇവന്റിനിടെ വെടിവയ്പ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവരോ വീഡിയോ എടുത്തതോ ആയ പൊതുജനങ്ങളോട് മുന്നോട്ട് വരാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഉടനീളം 155 ഓളം കൂട്ട വെടിവയ്പ്പുകളാണ് നടന്നിട്ടുള്ളത്. അതില്‍ ഒന്നാണ് ഈ സംഭവം.