ഒട്ടാവ: കാനഡയിലെ ഹിന്ദു സമുദായ നേതാക്കള്‍ക്കെതിരെ ആവര്‍ത്തിച്ചുള്ള ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പ്രാദേശിക ക്ഷേത്രത്തിലെ പ്രസിഡന്റിന്റെ മകന്റെ വസതിയില്‍ വെടിവയ്പ്പ് നടത്തിയ വാഹനത്തെക്കുറിച്ച് പൊലീസിന് സൂചന.
ബ്രിട്ടീഷ് കൊളംബിയയിലെ സറേ നഗരത്തിലെ ഒരു പ്രാദേശിക ക്ഷേത്രത്തിലെ പ്രസിഡന്റിന്റെ മകന്റെ വസതിയിലാണ് വെടിവയ്പ്പുണ്ടായത്.
ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളെച്ചൊല്ലി സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കാനഡയില്‍ അക്രമ സംഭവങ്ങളും ഹിന്ദു പുണ്യ ആരാധനാലയങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല ഹിന്ദുസമുദായക്കാര്‍ക്കും, കൂടാതെ ഇന്ത്യക്കാര്‍ക്കും ഭീഷണിയും വര്‍ദ്ധിക്കുന്നുണ്ട്.
ഡിസംബര്‍ 27 ബുധനാഴ്ച പുലര്‍ച്ചെയാണ് ലക്ഷ്മി നാരായണ്‍ മന്ദിര്‍ പ്രസിഡന്റായ സതീഷ് കുമാറിന്റെ മകന്റെ സറേയിലെ വസതിയില്‍ വെടിവെപ്പുണ്ടായത്. സറേയിലെ 80 അവന്യൂവിലെ 14900 ബ്ലോക്കിലെ വസതിയിലാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
നവംബറില്‍, ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ, സറേയിലെ ഹിന്ദു ലക്ഷ്മി നാരായണ്‍ മന്ദിറില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഖാലിസ്ഥാനി അനുകൂലികളുടെ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു.