ലെബനനിൽ യുഎസ് എംബസിക്ക് നേരെ വെടിവയ്പ്പ്; സിറിയന്‍ പൗരന്‍ പിടിയില്‍

ബെയ്റൂട്ട്: ജൂൺ 5 ന് ബെയ്‌റൂട്ടിന് സമീപമുള്ള യുഎസ് എംബസി ആക്രമിക്കാൻ തോക്കുധാരികൾ ശ്രമിച്ചതായി ലെബനീസ് സൈന്യം അറിയിച്ചു. സിറിയൻ പൗരത്വമുള്ള ഒരു വ്യക്തിയാണ് എംബസിക്ക് നേരെ വെടിയുതിർത്തതെന്ന് സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സൈനികർ ഒരു അക്രമിയെ വെടിവച്ചിട്ടെന്നും ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ലെബനൻ സൈന്യം അറിയിച്ചു. ആക്രമണത്തിൽ എംബസിയുടെ സുരക്ഷാ സംഘത്തിലെ ഒരു അംഗത്തിന് പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. രാവിലെ എംബസിയുടെ പ്രവേശന കവാടത്തിന് സമീപം ചെറിയ ആക്രമണം റിപ്പോർട്ട് ചെയ്തതായി യുഎസ് എംബസി പറഞ്ഞു. എംബസിയിലെ ഉദ്യോസ്ഥരും സംഘവും സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങൾ ഒന്നുമില്ലെന്നും കൂട്ടിച്ചേർത്തു.

അക്രമിയുടെ വസ്ത്രത്തിൽ ഐഎസ് എന്ന് എഴുതിയിരുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ പറയുന്നു. ഇയാൾ എത്തിയ മോട്ടോർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടുത്ത സുരക്ഷാവലയത്തിലുള്ള ഇവിടെ അക്രമി എങ്ങനെ എത്തിയെന്ന് അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും തോക്കുധാരി ഇവിടെ യുഎസ് എംബസിക്കുനേരെ വെടിയുതിർത്തിരുന്നു.

More Stories from this section

family-dental
witywide