ഹൂസ്റ്റണ്‍: ടെക്സാസിലെ ഹൂസ്റ്റണിലെ സെലിബ്രിറ്റി യുഎസ് പാസ്റ്റര്‍ ജോയല്‍ ഓസ്റ്റീന്റെ മെഗാ ചര്‍ച്ചിന് നേരെ ഒരു സ്ത്രീ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് അഞ്ച് വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ ഏറ്റവും വലിയ മതപഠന കേന്ദ്രങ്ങളിലൊന്നിലാണ് ആക്രമണം നടന്നത്.
ഞായറാഴ്ച് ഉച്ചയ്ക്ക് 2:00 ന് മുമ്പ് (പ്രാദേശിക സമയം) ഒരു കുട്ടിയുമായി നോണ്‍-ഡിനോമിനേഷന്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രവേശിച്ച സത്രീ ഒരു നീണ്ട തോക്ക് കൈവശം വെച്ചിരുന്നതായി ഹൂസ്റ്റണ്‍ പോലീസ് മേധാവി ട്രോയ് ഫിന്നര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പള്ളിയില്‍ കേറിയ അവര്‍ അവിടെ ഉണ്ടായിരുന്നവര്‍ക്കുനേരെ വെടി ഉതിര്‍ക്കുകയായിരുന്നു.
16,800 പേരെ ഉള്‍ക്കൊള്ളുന്ന പള്ളിയില്‍ അപ്പോള്‍ ആളുകള്‍ ഉണ്ടായിരുന്നു. വെടിവെക്കുന്നതുകണ്ട പോലീസ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് സ്ത്രീക്കുനേരെ വെടിയുതിര്‍ക്കുകയും അവള്‍ കൊല്ലപ്പെടുകയും ചെയ്തു. വെടിവയ്പ്പില്‍ പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരു പുരുഷനും അഞ്ച് വയസുകാരനും ഉള്‍പ്പെടുന്നു.
ആളുകളേക്കാള്‍ കൂടുതല്‍ തോക്കുകള്‍ ഉള്ളതും മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേര്‍ക്കും തോക്ക് കൈവശമുള്ളതുമായ അമേരിക്കയില്‍ കൂട്ട വെടിവയ്പ്പുകള്‍ തുടര്‍ക്കഥയാണ്. ഭൂരിപക്ഷം അമേരിക്കക്കാരും കര്‍ശന തോക്ക് നിയന്ത്രണങ്ങളെ അനുകൂലിക്കുന്നതായിപല വോട്ടെടുപ്പുകളും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ തോക്ക് നിയന്ത്രണത്തിന്റെ കാര്യത്തില്‍ കാര്യമായ ചലനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.