മെക്സിക്കോയില്‍ വെടിവയ്പ്പ്‌ : 8 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: മെക്സിക്കോ സിറ്റിയുടെ തെക്ക് ഭാഗത്തുള്ള മൊറേലോസ് സംസ്ഥാനത്തെ ഹുയിറ്റ്സിലാക്ക് പട്ടണത്തില്‍ നടന്ന വെടിവയ്പില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ശനിയാഴ്ച രാത്രി വൈകി നടന്ന സംഭവം പ്രാദേശിക, സംസ്ഥാന അധികാരികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാലു പേര്‍ സംഭവസ്ഥലത്തുവച്ചും നാലുപേര്‍ ആശുപത്രിയിലെത്തിച്ചതിനുശേഷവുമാണ് മരിച്ചത്.

എന്നാല്‍, ആക്രമണവുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വനപ്രദേശമായ ഒരു പര്‍വത നഗരമാണ് ഹ്യൂറ്റ്സിലാക്ക്. അവിടെ നിയമവിരുദ്ധമായ മരം മുറിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വളരെക്കാലമായി നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍, ക്യുര്‍നവാക്കയില്‍ പോലീസും കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരും തമ്മിലുള്ള സായുധ ഏറ്റുമുട്ടലില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

2006-ല്‍ സര്‍ക്കാര്‍ സൈന്യത്തെ ഉള്‍പ്പെടുത്തി വിവാദമായ മയക്കുമരുന്ന് വിരുദ്ധ ആക്രമണം ആരംഭിച്ചതിന് ശേഷം രാജ്യത്തുടനീളം 450,000 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍ നല്‍കുന്ന വിവരം.