‘ബൈഡൻ ഇനിയും തുടരണോ?’; മത്സരത്തിൽ നിന്ന് ബൈഡൻ പിന്മാറണോ എന്ന് ചർച്ചകൾ നടന്നേക്കാം; സൂചനകൾ നൽകി ഒബാമയുടെ മുൻ ഉപദേശകൻ

വാഷിംഗ്ടൺ: 2024 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോ ബൈഡൻ മത്സരിക്കുന്നത് തുടരണമോ എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുമെന്ന് ആദ്യ പ്രസിഡൻ്റ് ഡിബേറ്റിനു ശേഷം, മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെ ഉപദേഷ്ടാവായിരുന്ന ഡേവിഡ് ആക്സൽറോഡ്. സിഎൻഎന്നിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ സംവാദത്തിനിടെ ബൈഡൻ സ്റ്റേജിൽ പലപ്പോഴും മറുപടികളില്ലാതെ മരവിച്ചു നിൽക്കുകയും മുരടനക്കുകയും ലക്ഷ്യമില്ലാതെ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സാചര്യത്തിലാണ് ഡേവിഡ് ആക്സൽറോഡ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയത്.

ഗർഭച്ഛിദ്രം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ബൈഡൻ വ്യക്തമായി സ്കോർ ചെയ്തെങ്കിലും, ചർച്ചയിലുടനീളം അദ്ദേഹം ദുർബലനായിരുന്നെന്നും പ്രേക്ഷകരുമായി സംവദിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഡേവിഡ് ആക്സൽറോഡ് ചൂണ്ടിക്കാട്ടി.

“ഈ സംവാദത്തിൻ്റെ തുടക്കത്തിൽ അദ്ദേഹം എങ്ങനെ പെരുമാറി എന്നത് യഥാർത്ഥത്തിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ശബ്ദം വളരെ ദുർബലമായിരുന്നു. ആകെ അലക്ഷ്യമായിരുന്നു. വാദപ്രതിവാദങ്ങൾ മുറുകും തോറും അദ്ദേഹം കൂടുതൽ ശക്തനായി. പക്ഷെ അപ്പോഴേക്കും പരിഭ്രാന്തി പടർന്നു കഴിഞ്ഞെന്ന് തോന്നുന്നു. മത്സരത്തിൽ അദ്ദേഹം തുടരണമോ എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുമെന്നാണ് എനിക്ക് തോന്നുന്നത്,” ആക്സൽറോഡ് പറഞ്ഞു.

അതേസമയം ട്രംപിന്റെ പ്രകടനവും അത്ര ശക്തമായിരുന്നെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.