സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കും, കേസ് സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അച്ഛന്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക നീക്കവുമായി ഹൈക്കോടതി. അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ എന്താണ് സാങ്കേതിക തടസമെന്നും ചോദിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയൂ എന്നാണ് സിബിഐ നിലപാട്.

അതേസമയം, സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചെങ്കിലും ബാക്കിയുള്ള കാര്യങ്ങള്‍ കൂടി സര്‍ക്കാരിന്റെ മേല്‍നോട്ടം വേണ്ടേയെന്നും കോടതി രേഖകള്‍ കൈമാറാന്‍ എന്തിനായിരുന്നു കാലതാമസം എന്നും ചോദിച്ചു. കേസ് കൈമാറുന്നതില്‍ ഓരോ നിമിഷം വൈകുന്നതും കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തില്‍ സിബിഐക്ക് കൈമാറിയെന്നുമാണ് സര്‍ക്കാര്‍ വാദം.

More Stories from this section

family-dental
witywide