‘പൊലീസും മാധ്യമങ്ങളും എന്നെയും മകനെയും വേട്ടയാടുന്നു, വിവരങ്ങള്‍ ചോര്‍ത്തുന്നു’; സിദ്ദിഖിന്റെ പരാതിയില്‍ അന്വേഷണം

കൊച്ചി: പൊലീസും മാധ്യമങ്ങളും വേട്ടയാടുന്നുവെന്നും വിവരങ്ങൾ ചോർത്തുന്നുവെന്നുമുള്ള നടന്‍ സിദ്ദിഖിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി. സിദ്ദിഖ് ഡിജിപിക്ക് നല്‍കിയ പരാതി കൊച്ചി സിറ്റി പൊലീസിന് കൈമാറി. പൊലീസും മാധ്യമങ്ങളും തന്നെയും മകനെയും പിന്തുടരുന്നുവെന്നും തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നും സിദ്ദിഖിന്റെ പരാതിയില്‍ പറയുന്നത്.

ബലാത്സംഗക്കേസില്‍ അടുത്തിടെയാണ് സിദ്ദിഖിന് സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചത്. തുടര്‍ന്ന് എവിടെയ്‌ക്കെല്ലാം പോകുന്നു എന്നതടക്കം സിദ്ദിഖിന്റെ ഓരോ നീക്കവും പൊലീസ് നിരീക്ഷിച്ച് വരികയാണ്. കൊച്ചി ഷാഡോ പൊലീസിന്റെ വാഹനം തന്നെ പിന്തുടരുന്നുവെന്നാണ് സിദ്ദിഖിന്റെ പരാതിയില്‍ പറയുന്നത്. തന്നെ മാത്രമല്ല, തന്റെ മകനെയും പിന്തുടരുകയാണ്. പിന്തുടരുക മാത്രമല്ല, തന്റെ നീക്കങ്ങള്‍ ഓരോന്നും മാധ്യമങ്ങള്‍ക്ക് പൊലീസ് ചോര്‍ത്തി നല്‍കുന്നുവെന്നും സിദ്ദിഖിന്റെ പരാതിയില്‍ പറയുന്നു.

വാഹനത്തിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിദ്ദിഖ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. ഈ പരാതിയാണ് കൊച്ചി സിറ്റി പൊലീസിന് കൈമാറിയത്. കൊച്ചി സിറ്റി പൊലീസ് അന്വേഷണം നോര്‍ത്ത് പൊലീസിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. നോര്‍ത്ത് പൊലീസാണ് നിലവില്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കേസ് വന്നതിന് പിന്നാലെ അഭിഭാഷകനെ കാണാന്‍ പോകുമ്പോഴും മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോഴും ഒരു പൊലീസ് വാഹനം തന്നെ കൃത്യമായി പിന്തുടരുന്നുണ്ട്. പിന്തുടരുന്നവര്‍ തന്നെ താന്‍ എവിടെയ്ക്ക് പോകുന്നു എന്ന കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു. അഭിഭാഷകനെ കാണാന്‍ പോകുമ്പോള്‍ മാധ്യമങ്ങള്‍ അവിടെ എത്തുന്ന സ്ഥിതി ഉണ്ടാകുന്നു. പൊലീസ് തന്നെയാണ് തന്റെ നീക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതെന്നും സിദ്ദിഖ് പരാതിയില്‍ ആരോപിച്ചു.

More Stories from this section

family-dental
witywide