‘പടച്ചവൻ പ്രാർഥന കേട്ടു’: സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞതിന് പിന്നാലെ പ്രതികരിച്ച് മകൻ ഷഹീൻ

ന്യൂഡൽഹി: നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ചു മകൻ ഷഹീൻ സിദ്ദിഖ്. പടച്ചവൻ പ്രാർഥന കേട്ടെന്നായിരുന്നു ഷഹീൻ സിദ്ദിഖിന്റെ പ്രതികരണം. എന്നാൽ കോടതി തീരുമാനം വലിയ ആശ്വാസം നൽകുന്നതല്ലെന്നും ഷഹീൻ മാധ്യമങ്ങളോട് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ സംസാരിക്കാനാകില്ല. പ്രതികരിക്കാൻ പരിമിതകളുണ്ട്. വക്കീലുമായി സംസാരിച്ചിട്ട് കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഷഹീൻ പറഞ്ഞു.

കോടതി മുറിയില്‍ പ്രവേശിക്കാന്‍ പാസ് ഉണ്ടായിരുന്നുവെങ്കിലും ഷഹീന്‍ നടപടികള്‍ വീക്ഷിക്കാന്‍ 13-ാം നമ്പര്‍ കോടതി മുറിക്കുള്ളില്‍ പ്രവേശിച്ചിരുന്നില്ല. കോടതിമുറിക്ക് മുന്നില്‍ സമ്മര്‍ദ്ദത്തോടെ നിന്ന ഷഹീനെ കാണാന്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന പല യുവ അഭിഭാഷകരും സമീപത്ത് നിലയുറപ്പിച്ചിരുന്നു. കോടതി നടപടികള്‍ക്ക് ശേഷം പുറത്തുവന്ന അഭിഭാഷകരില്‍നിന്നാണ് ആശ്വാസ ഉത്തരവിനെ കുറിച്ച് ഷഹീന്‍ അറിയുന്നത്. തുടര്‍ന്ന് ഷഹീന്‍ വികാരാധീനനായി കരഞ്ഞു.

സിദ്ദിഖ് ബലാത്സംഗം ചെയ്തെന്ന യുവനടിയുടെ കേസിൽ സിദ്ദിഖിന് ആശ്വാസമായാണ് ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി എട്ട് വര്‍ഷം പരാതി നല്‍കാന്‍ കാലതാമസമുണ്ടയത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു.

രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നു കോടതി നിർദേശിച്ചു. 8 വർഷത്തിനുശേഷമാണ് നടി സിദ്ദിഖിനെതിരെ പൊലീസിൽ പരാതി നൽകിയതെന്നു സിദ്ദിഖിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സോഷ്യൽ മീഡിയയിലൂടെ ഇക്കാലയളവിൽ നടി നിരന്തരം സിദ്ദിഖിനെതിരെ പരാതി പറഞ്ഞിരുന്നതായി നടിയുടെ അഭിഭാഷക വ്യക്തമാക്കി.

More Stories from this section

family-dental
witywide