സിദ്ദിഖ് പുറത്തേക്ക്; ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

കൊച്ചി: ബലാത്സംഗ കേസിൽ സുപ്രീം കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ നടൻ സിദ്ദിഖ് ഉടന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ ബി രാമന്‍ പിള്ള. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ബി രാമൻപിള്ള പറഞ്ഞു.

സുപ്രീം കോടതി രണ്ടാഴ്ചത്തേയ്ക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് നടപടി. അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ സിദ്ദിഖ് പാലിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു.

യുവ നടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. സിദ്ദിഖിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി. പരാതി നല്‍കാന്‍ കാലതാമസമുണ്ടായി എന്നതായിരുന്നു സിദ്ദിഖിന് വേണ്ടി മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ച കോടതി കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എട്ട് വര്‍ഷം സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്തുകൊണ്ട് വൈകി എന്ന കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി എന്ന കാര്യം വ്യക്തമാക്കി അതിജീവിത സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

More Stories from this section

family-dental
witywide