കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി. പ്രൊസിക്യൂഷന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് നടന്‍ സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോഹ്തഗിയുമായി ചര്‍ച്ച നടത്തിയിരുന്നു. സിദ്ദിഖിനെതിരെയുള്ള വിധിപ്പകര്‍പ്പും കൈമാറിയിട്ടുണ്ട്. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാവും ഹര്‍ജി നല്‍കുകയെന്നും വിവരമുണ്ട്.
അതേസമയം, സിദ്ദിഖിന്റെ ജാമ്യാപേക്ഷയ്‌ക്കെതിരെ അതിജീവിതയും സുപ്രീം കോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ചേക്കും. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവര്‍ അതിജീവിതക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.