സിദ്ദിഖിന്റെ ഫോൺ ഓണായി; കുറച്ചു സമയം ബിസി ആയിരുന്ന ഫോൺ വീണ്ടും സ്വിച്ച് ഓഫ്

കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യാനിരിക്കെ ഒളിവിൽ പോയ നടൻ സിദ്ദിഖിന്റെ ഫോൺ ഓണായി. കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതിൽ ഒരു നമ്പർ അൽപം മുമ്പാണ് വീണ്ടും ഓൺ ആയത്. കുറച്ചു സമയം ബിസി ആയിരുന്ന ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആക്കിയിട്ടുണ്ട്.

ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകിയേക്കുമെന്നാണ് സൂചന. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുഗുൾ റോഹ്തഗിയുമായി ചർച്ച നടത്തിയിരുന്നു. സിദ്ദിഖിനെതിരെയുള്ള വിധിപ്പകർപ്പും കൈമാറിയിട്ടുണ്ട്.

അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാവും ഹർജി നൽകുകയെന്നാണ് സൂചന. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും. തെളിവ് ശേഖരിക്കാൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും ഹർജിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തന്റെ അഭിഭാഷകൻ ഉയർത്തിയ വസ്തുതകൾ അവഗണിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തത് എന്നാവും സിദ്ദിഖിന്റെ പ്രധാന വാദം.

അതേസമയം സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജിക്ക് തടസ ഹർജി നൽകാനൊരുങ്ങുകയാണ് പരാതിക്കാരി. സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ തന്റെ ഭാഗം കേൾക്കാതെ ഒരു തീരുമാനവും എടുക്കരുതെന്ന് അതിജീവിത ആവശ്യപ്പെടും. ഇതിനായുള്ള ഹർജി രാവിലെ തന്നെ അതിജീവിത സുപ്രീംകോടതിയിൽ നൽകും. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide