ന്യൂഡല്‍ഹി: യുവനടിയുടെ ബലാത്സംഗ പരാതിയെത്തുടര്‍ന്നുള്ള കേസില്‍ നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാല്‍ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.
സിദ്ദിഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കേരള സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. കേസ് മാറ്റിവയ്ക്കുന്നതിനെയും സര്‍ക്കാര്‍ എതിര്‍ത്തു. താല്‍ക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നുണ്ടോ എന്ന് ബെഞ്ച് സര്‍ക്കാരിനോടു ചോദിച്ചു. രണ്ടു തവണ ഹാജരായെങ്കിലും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നില്ലെന്നായിരുന്നു കേരളത്തിന്റെ മറുപടി. അന്വേഷണ സംഘം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന സ്ഥിരം മറുപടിയാണ് സിദ്ദിഖ് നല്‍കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രസക്തമായത് ഏതാണെന്നതു പ്രതിയല്ല തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി രഞ്ജിത് കുമാര്‍, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവര്‍ ഹാജരായി.