കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിലെ മുഴുവൻ പ്രതികളെയും സസ്പെൻഡ് ചെയ്തു. ആദ്യം തന്നെ 12 പേരെ സസ്പെൻഡ് ചെയ്തിരുന്ന കോളേജ് അധികൃതർ ഇന്ന് ആറു വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തതായി അറിയിക്കുകയായിരുന്നു. കേസിൽ പ്രതികളായ എസ് എഫ് ഐ നേതാക്കളടക്കമുള്ളവരെയാണ് വെറ്ററിനറി സർവകലാശാല ഇന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക് എസ് (കോളേജ് യൂണിയൻ സെക്രട്ടറി ), ആകാശ് ഡി ,ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി ആർ ഡി എന്നിവർക്കാണ് പുതുതായി സസ്പെൻഷൻ ലഭിച്ചത്.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ എസ് എഫ് ഐ നേതാക്കളടക്കമുള്ളവർ ഇന്നലെ പിടിയിലായിരുന്നു. സിദ്ധാർഥിനെ ആക്രമിച്ചതിൽ പ്രധാന പങ്കുവഹിച്ച കോളേജിലെ എസ് എഫ് ഐ നേതാക്കളായ 3 പേരാണ് നിലവിൽ പൊലീസിന്‍റെ പിടിയിലായിട്ടുള്ളത്. ആദ്യം അറസ്റ്റിലായ യൂണിയൻ സെക്രട്ടറി അഭിഷേകിന് പിന്നാലെകോളേജ് യൂണിയൻ പ്രസിഡന്‍റ് കെ അരുണും എസ് എഫ് ഐ കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും ഇന്നലെ രാത്രിയോടെ കീഴടങ്ങിയിരുന്നു.ഡി വൈ എസ് പി ഓഫീസിൽ എത്തിയാണ് കോളേജ് യൂണിയൻ പ്രസിഡന്‍റ് കെ അരുൺ കീഴടങ്ങിയത്. ഇതിന് പിന്നാലെയാണ് എസ് എഫ് ഐ കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് നേരിട്ട് പങ്കാളിത്തമുള്ള പ്രതികളിൽ ഇനി കണ്ടെത്താൻ ഉള്ളത് 8 പേരെയാണ്. ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വൈകാതെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ, മർദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
Sidharth death case 6 students suspended from college including SFI leaders
Sidharth death case, Sidharth death, students suspended, SFI leaders, SFI,