
കല്‍പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ 33 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച വൈസ് ചാൻസലറുടെ ഉത്തരവ് റദ്ദാക്കി. വിഷയത്തിൽ ഗവർണർ ഇടപെട്ടതിന് പിന്നാലെ ഡീനാണ് ഇവരുടെ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് റദ്ദാക്കിയത്. ഇതോടെ ഈ 33 വിദ്യാർഥികളും വീണ്ടും സസ്പെൻഷനിലായി.
വൈസ് ചാന്‍സലര്‍ പി സി ശശീന്ദ്രന്റെ രാജിക്ക് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ പുനസ്ഥാപിച്ചത്. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഒഴിയണമെന്നും നിര്‍ദേശമുണ്ട്. ഏഴ് ദിവസം കൂടി സസ്‌പെന്‍ഷന്‍ തുടരുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. സിദ്ധാര്‍ത്ഥന്റെ മരണത്തിനു പിന്നാലെ സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്ത വിസിയുടെ നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡീൻ, വി സിയുടെ ഉത്തരവ് റദ്ദാക്കി ഇവർക്ക് വീണ്ടും സസ്പെൻഷൻ നൽകിയത്.
Sidharthan death case 33 students suspended again in pookode veterinary university