സിദ്ധാർഥന്റെ മരണം: സര്‍വകലാശാല ഡീനിനും അസി. വാർഡനും സസ്പെൻഷൻ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്‌പെന്‍ഡ് ചെയ്തു. വൈസ് ചാന്‍സലറാണ് ഇരുവരെയും സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. കോളജ് ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും കാരണം കാണിക്കൽ നോട്ടീസിനു നൽകിയ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് വൈസ് ചാന്‍സലര്‍ തള്ളിയിരുന്നു. പിന്നാലെയായിരുന്നു സസ്പെൻഷൻ. സസ്‌പെൻഷൻ നടപടി മതിയാകില്ലെന്നും പോരെന്നും ഡീനിനെ കേസിൽ പ്രതി ചേർക്കണമെന്നും സിദ്ധാർഥന്റെ പിതാവ് ആവശ്യപ്പെട്ടു.

എല്ലാം നിയമപ്രകാരം ചെയ്തെന്നും പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോയെന്നും അതിനുശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിച്ചെന്നും ഇരുവരും വൈസ് ചാൻസലർക്ക് നൽകിയ മറുപടിയിൽ പറ‍ഞ്ഞിരുന്നു.

കഴിഞ്ഞ മാസം 18 നാണു ഹോസ്റ്റലിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ സിദ്ധാർഥിനെ കണ്ടെത്തിയത്. 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങ് മരിച്ച നിലയിലായിരുന്നു മൃതദേഹം. കേസിൽ പ്രതികളായ 18 പേരെയും അറസ്റ്റ് ചെയ്തിരുന്നു.

Sidharthan death case, dean and warden suspended by VC

More Stories from this section

family-dental
witywide