ന്യൂഡല്‍ഹി: സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ ഒരു ‘സ്റ്റഡി പെര്‍മിറ്റ്’ പ്രകാരമാണ് കാനഡയിലേക്ക് കടന്നതെന്ന് കാനഡ ആസ്ഥാനമായുള്ള മാധ്യമ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത വീഡിയോയാണ് റിപ്പോര്‍ട്ടിന് ആധാരം.
നിജ്ജാര്‍ വധക്കേസില്‍ പ്രതിയായ കരണ്‍ ബ്രാര്‍ എന്ന യുവാവ് 2019-ല്‍ പഞ്ചാബിലെ ബതിന്ഡയിലെ എത്തിക് വര്‍ക്ക്‌സ് ഇമിഗ്രേഷന്‍ സര്‍വീസസ് വഴി സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചതായി തെളിയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലുണ്ട്. കരണിനെ വിസയ്ക്കായി സഹായിച്ച കോട്കപുരയില്‍ നിന്നുള്ള സ്ഥാപനം അന്ന് അവരുടേ ഫേസ്ബുക്ക് പേജില്‍ കരണ്‍ ബ്രാറിന്റെ പ്രൊമോഷണല്‍ വീഡിയോയും ചിത്രവും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ‘കാനഡ പഠന വിസയ്ക്ക് അഭിനന്ദനങ്ങള്‍ കരണ്‍ ബ്രാര്‍, കോട്കപുരയില്‍ നിന്നുള്ള ഒരു സന്തോഷകരമായ ക്ലയിന്റ്, എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള അടിക്കുറിപ്പ്.
പ്രതികള്‍ എങ്ങനെ കാനഡയില്‍ എത്തി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കാനഡ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ വിസമ്മതിച്ചെങ്കിലും കൊലപാതകത്തിന് മൂന്ന് വര്‍ഷം മുമ്പ് കരണ്‍ ബ്രാര്‍ വിദ്യാര്‍ത്ഥി പെര്‍മിറ്റില്‍ എത്തിയതായി ഓണ്‍ലൈന്‍ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ എന്നിവയില്‍ നിന്ന് ഇതുവരെ പ്രതികരണം ഒന്നും വന്നിട്ടില്ല.