‘ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു’:ട്രംപിനു മറുപടിയുമായി അമേരിക്കയുടെ സ്വന്തം GOAT

അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട സ്പോർട്സ് താരമാണ് സിമോൺ ബൈൽസ്. 9 ഒളിംപിക്സ് മെഡലുകൾ സ്വന്തമാക്കിയ ബൈൽസിനെ അമേരിക്കക്കാർ സ്നേഹപൂർവം വിളിക്കുന്ന പേരാണ് GOAT ( Greatest Of All Time). ആ പേരിനെ അന്വർഥമാക്കുന്ന പ്രകടനമാണ് ജിംനാസ്റ്റിക്സിൽ അവർ എല്ലാക്കാലത്തും പുറത്തെടുത്തിരിക്കുന്നത്. ആ പേരിനെ അംഗീകരിച്ചുകൊണ്ട് ആടിൻ്റെ ഒരു ഡയമണ്ട് പെൻഡൻ്റും ബൈൽസ് ധരിച്ചിട്ടുണ്ട്.

പാരീസ് ഒളിമ്പിക്സിൽ ഇരട്ട സ്വർണം നേടിയതിന് പിന്നാലെ ഡോണൾഡ് ട്രംപിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് സിമോൺ ബൈൽസ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങളെ കളിയാക്കിക്കൊണ്ട് തന്റെ സാമൂഹിക മാധ്യമത്തിലാണ് ബൈൽസ് പോസ്റ്റ് പങ്കുവെച്ചത്. ‘ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു’ എന്ന ബൈൽസിന്റെ എക്‌സ് പോസ്റ്റ് വലിയ തോതിൽ ശ്രദ്ധ നേടി. കറുത്ത വർഗക്കാർക്ക് എതിരെ ട്രംപ് നടത്തുന്ന വംശീയ അധിക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കമൻ്റ് . നേരത്തെ ട്രംപ് നടത്തിയ, കുടിയേറ്റക്കാർ അമേരിക്കയിലെ കറുത്ത ജോലികൾ സ്വന്തമാക്കുന്നുവെന്ന പരാമർശം വൻ വിവാദം സൃഷ്ടിച്ചിരുന്നു.

ഗായികയും ഗാനരചയിതാവുമായ റിക്കി ഡേവില, സിമോൺ ബൈൽസിൻ്റെ മെഡൽ നേട്ടത്തെ പ്രശംസിച്ച് പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ്ഈ പരാമർശം ഉണ്ടായത്. ” സിമോൺ ബൈൽസ് എല്ലാകാലത്തെയും മികച്ച താരം ആവുകയാണ്. സ്വർണ മെഡലുകൾ നേടുന്നതും ജിംനാസ്റ്റിക്സിൽ ആധിപത്യം പുലർത്തുന്നതും അവളുടെ കറുത്ത ജോലിയാണ്.” എന്നായിരുന്നു റിക്കി ഡേവിലയുടെ പോസ്റ്റ്. ” ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു” എന്ന മറുപടിക്കൊപ്പം ഒരു കറുത്ത ഹൃദയത്തിന്റെ ഇമോജിയും ബൈൽസ് പങ്കുവെച്ചിട്ടുണ്ട്.

ബുധനാഴ്ച നാഷണൽ അസോസിയേഷൻ ഓഫ് ബ്ലാക്ക് ജേണലിസ്റ്റുകളുടെ (NABJ) കൺവെൻഷനിൽ മൂന്ന് പ്രമുഖ രാഷ്ട്രീയ മാധ്യമപ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിലും കുടിയേറ്റക്കാർ യുഎസിൽ “കറുത്ത ജോലികൾ സ്വീകരിക്കുന്നു” എന്ന് ട്രംപ് പറഞ്ഞിരുന്നു. യുഎസ് വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർഥിയുമായ കമലാ ഹാരിസിൻ്റെ വംശീയതയെ അദ്ദേഹം ചോദ്യം ചെയ്യുകയും വേദിയിൽ പരിഹസിക്കുകയും ചെയ്തിരുന്നു. അഭിമുഖത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് അമേരിക്കയിൽ ഉണ്ടായത്.

അതേസമയം കരിയറിലെ ആറാം ഒളിമ്പിക്‌സ് സ്വര്‍ണം ആണ് പാരീസ് ഒളിമ്പിക്സിൽ ഇതിഹാസ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ് നേടിയത്. എട്ട് വര്‍ഷം മുന്‍പ് റിയോ ഒളിമ്പിക്‌സിലാണ് താരം ആദ്യമായി ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. പാരീസിൽ രണ്ട് സ്വർണം കൂടി നേടിയതോടെ താരത്തിന്റെ ആകെ ഒളിമ്പിക്‌സ് മെഡലുകളുടെ എണ്ണം ഒന്‍പതായി. ആറ് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണത്.

Simone Biles Black Job Reply To Donald Trump