ന്യൂഡല്‍ഹി: ആകാശച്ചുഴിയില്‍പ്പെട്ട് അപകടത്തിലായ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് സീറ്റ് ബെല്‍റ്റ് നയം തിരുത്തി കൂടുതല്‍ കരുതലുമായി മുന്നോട്ട്. വിമാനത്തിനുള്ളിലെ സീറ്റ് ബെല്‍റ്റ് ചിഹ്നം ഓണായിരിക്കുമ്പോള്‍ ചൂടുള്ള പാനീയങ്ങളോ ഭക്ഷണമോ നല്‍കാതിരിക്കുന്നതുള്‍പ്പെടെ കൂടുതല്‍ ജാഗ്രതയുള്ള സമീപനമാണ് എയര്‍ലൈന്‍ സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
മെയ് 21 നാണ് SQ321 ലണ്ടന്‍-സിംഗപ്പൂര്‍ വിമാനം 37,000 അടി ഉയരത്തില്‍ ഐരാവദി തടത്തിന് മുകളിലൂടെ പറക്കുന്നതിനിടെ ആകാശച്ചുഴിയില്‍പ്പെട്ടത്. പെട്ടെന്ന് വിമാനം ആട് ഉലയുകയും 60 ഓളം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ബ്രിട്ടീഷ് യാത്രക്കാരന്റെ മരണത്തിലേക്കും ഇത് നയിച്ചിരുന്നു. അപകടത്തെത്തുടര്‍ന്നുള്ള വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ ചിതറിക്കിടക്കുന്നതും സീലിംഗ് തകര്‍ന്നതും അടക്കം വ്യക്കമായി കാണാമായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രികര്‍ക്ക് സീലിംഗില്‍ തലയിടിച്ചും, ചിലര്‍ക്ക് സീലിംഗ് അടര്‍ന്നുവീണും പരിക്കേറ്റിരുന്നു.
211 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമായി യാത്ര ചെയ്ത വിമാനം പൈലറ്റ് ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട് അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു.
സംഭവത്തിന് ശേഷം മറ്റ് പ്രശ്‌നങ്ങളൊന്നും സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനങ്ങളില്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, പ്രശ്‌നമുണ്ടായ മ്യാന്‍മറിന്റെ ഭാഗത്തിന് മുകളിലൂടെ വിമാനങ്ങള്‍ പറന്നില്ലെന്നും വിവരമുണ്ട്.