
ദില്ലി: മുതിർന്ന സി പി എം നേതാവ് ഇ പി ജയരാജൻ കേരളത്തിലെ ബി ജെ പിയുടെ ചുമതലക്കാരൻ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടികാഴ്ചയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് മറുപടി പറയാതെ ഒഴിഞ്ഞുമാരി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപി-ജാവദേക്കർ കൂടിക്കാഴ്ച വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും സംഭവത്തിൽ കേരളത്തിലെ നേതാക്കൾ പ്രതികരിച്ചിട്ടുണ്ടല്ലോയെന്നുമായിരുന്നു യെച്ചുരിയുടെ മറുപടി.
അതേസമയം പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ഇ പി ജയരാജനെതിരെ പാർട്ടി നടപടിക്കൊരുങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇപി -ജാവദേക്കർ കൂടിക്കാഴ്ച തിങ്കളാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്യും. അന്ന് തന്നെ നടപടിക്ക് സാധ്യതയുണ്ട്. എല്‍ ഡി എഫ് കൺവീനര്‍ കൂടിയായ മുതിർന്ന നേതാവ് കേരളത്തിന്‍റെ ചുമതലയുള്ള ബി ജെ പി നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ ഗൗരവത്തോടെയാണ് സി പി എം കാണുന്നത്. കേന്ദ്ര നേതൃത്വവും ഇക്കാര്യത്തിൽ കർശന നടപടിക്കുള്ള നിർദ്ദേശമാകും സ്വീകരിക്കുക. വീട്ടിലെത്തി ബി ജെ പി നേതാവ് കണ്ടത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് വലിയ തെറ്റായി തന്നെയാണ് സി പി എം നേതൃത്വം കാണുന്നത്. മുഖ്യമന്ത്രിയടക്കം ഇന്നലെ ഇ പിയെ തള്ളിപ്പറഞ്ഞത് നടപടി സൂചനയാണെന്നും വിലയിരുത്തലുകളുണ്ട്.
സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്നം ചര്‍ച്ച ചെയ്യും, ഇതിന് ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന സൂചനയാണ് ഈ വാര്‍ത്തയും പങ്കുവയ്ക്കുന്നത്. തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്ന സാഹചര്യത്തില്‍ വൈകാതെ തന്നെ ഇപി ജയരാജനെതിരായ പാര്‍ട്ടി നിലപാട് വ്യക്തമാകുമെന്നാണ് മനസിലാകുന്നത്.