യെച്ചൂരിക്ക് അന്ത്യാഭിവാദ്യങ്ങൾ; മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും

ന്യൂഡൽ​ഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും. വൈകീട്ട് ആറ് മണിയോടെയായിരിക്കും എയിംസിൽ നിന്ന് ഭൗതിക ശരീരം വസതിയിൽ എത്തിക്കുക. ബന്ധുകളും അടുത്ത സുഹൃത്തുക്കളും വസതിയിലെത്തി അന്തിമോപചാരം അർപ്പിക്കും. യെച്ചൂരിയെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക് തിരിക്കും.

നാളെയാണ് ഡൽഹി എകെജി ഭവനിലെ പൊതുദർശനം. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാ​ഗത്തിന് കൈമാറും.

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (എയിംസ്) തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന യെച്ചൂരി ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് വിട പറഞ്ഞത്.

മുന്‍ രാജ്യസഭാംഗം കൂടിയായ യെച്ചൂരിയെ കടുത്ത പനിയും ശ്വാസകോശ അണുബാധയെയും തുടര്‍ന്നു ഓഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്.