നേപ്പാളിലെ ചിത്വാൻ തടാകത്തിന് സമീപം ജീപ്പ് മറിഞ്ഞ് ആറ് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലെ ചിത്വാന്‍ ജില്ലയിലെ തടാകത്തിന് സമീപം ഞായറാഴ്ച ജീപ്പ് മറിഞ്ഞ് ആറ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. വിനോദസഞ്ചാരികള്‍ ജംഗിള്‍ സഫാരിക്കായി ചിത്വാന്‍ നാഷണല്‍ പാര്‍ക്കിലേക്ക് പോവുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. അപകടത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കാണ് അധികവും പരിക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ ഭരത്പൂരിലെയും രത്നനഗറിലെയും ആശുപത്രികളില്‍ ചികിത്സയിലാണെന്നും നേപ്പാള്‍ സ്വദേശിയായ ജീപ്പ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.

ഖൈറേനിയിലെ ദാരായ് തടാകത്തിന് സമീപമാണ് അപകടം. കാഠ്മണ്ഡുവില്‍ നിന്ന് 250 കിലോമീറ്റര്‍ തെക്ക് മാറിയുള്ള ചിത്വാന്‍ ദേശീയോദ്യാനം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്കും ബംഗാള്‍ കടുവകള്‍ക്കും പേരുകേട്ടതാണ്. പരിക്കേറ്റവരെല്ലാം മുംബൈയിലെ ബെന്ദാലി താന പ്രദേശത്തു നിന്നുള്ളവരാണെന്നും അവരില്‍ ഭൂരിഭാഗവും 60 വയസ്സിനു മുകളിലുള്ളവരാണെന്നും പോലീസ് പറഞ്ഞു.