കൈവ്: വടക്കുകിഴക്കന്‍ യുക്രെയ്‌നിലെ സുമിയിലുള്ള മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച രാവിലെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. തുടര്‍ച്ചയായ രണ്ട് ആക്രമണങ്ങളാണ് ഉണ്ടായത്.
ആദ്യ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആശുപത്രിയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഇതിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസം കുര്‍സ്‌ക് മേഖലയില്‍ യുക്രേനിയന്‍ സേന ഒരു ഓപ്പറേഷന്‍ ആരംഭിക്കുകയും നിരവധി സ്ഥലങ്ങളില്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്തതിന് ശേഷം സുമി നഗരത്തിലും സുമി മേഖലയിലും ആക്രമണങ്ങള്‍ പതിവായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്ന് നടന്ന ആക്രമണം. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് സുമി നഗരം സ്ഥിതി ചെയ്യുന്നത്. റഷ്യന്‍ സൈന്യം ഡ്രോണുകളും ഗൈഡഡ് ബോംബുകളും ഉപയോഗിച്ച് പ്രദേശത്തെയും നഗരത്തെയും ആക്രമിക്കുന്നുണ്ട്. അതേസമയം, രണ്ട് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടുന്ന റഷ്യന്‍ ആക്രമണത്തിനിടെ 73 ഡ്രോണുകളില്‍ 69 എണ്ണം തങ്ങളുടെ സൈന്യം വെടിവെച്ചിട്ടതായി യുക്രേനിയന്‍ വ്യോമസേന ശനിയാഴ്ച പറഞ്ഞു.