”എന്തോ പൊട്ടിത്തെറിച്ചെന്നാണ് ആദ്യം കരുതിയത്, പിന്നീടാണ് വിമാനം തകര്‍ന്നുവീണതാണെന്ന് മനസിലായത്”…സംഭവം യുഎസില്‍

ജൂലൈ 24 ബുധനാഴ്ച, ആദ്യം ഒരു പൊട്ടിത്തെറിയുടെ ശബ്ദമാണ് കേട്ടത്. എന്തോ സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും മനസിലായി. ഏതോ വീട്ടില്‍ പൊട്ടിത്തെറിയോ മറ്റോ ഉണ്ടായെന്നാണ് ആദ്യംകരുതിയത്. പിന്നീടാണ് അതൊരു ചെറുവിമാനം തകര്‍ന്നു വീണതാണെന്ന് മനസിലായത്. ആളുകളെ അല്‍പനേരം പരിഭ്രാന്തിയിലാക്കിയ സംഭവം യു.എസിലെ യൂട്ടായിലെ വീടിന്റെ മുന്‍വശത്താണുണ്ടായത്.

ഒരു ഇരട്ട എഞ്ചിനുള്ള പൈപ്പര്‍ പിഎ -34 വിമാനം ആന്റണി ബൗഗ് എന്നയാളുടെ വീടിന്റെ മുന്‍വശത്തെ പുല്‍ത്തകിടിയില്‍ പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വിമാനം പുല്‍ത്തകിടിയില്‍ തകര്‍ന്നു വീഴുന്നത് വ്യക്തമാണ്. ചെറുതെങ്കിലും ഒരു വിമാന അപകടം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലായിരുന്നു പലരും. അപകടത്തെത്തുടര്‍ന്ന്, ഒന്നു പകച്ചെങ്കിലും അയല്‍ക്കാരെല്ലാം ഓടിക്കൂടി രക്ഷാ പ്രവര്‍ത്തനം നടത്തി.

അപകടം നടക്കുമ്പോള്‍ ആന്റണി ബൗഗ് വീട്ടിലുണ്ടായിരുന്നില്ല. പേടിച്ചരണ്ട ഭാര്യയുടെ ഫോണ്‍കോള്‍ എത്തിയപ്പോഴാണ് അയാള്‍ സംഭവം അറിയുന്നത്. ജോലികഴിഞ്ഞ് ഉടന്‍ തന്നെ അയാള്‍ വീട്ടിലേക്ക് തിരിച്ചു. തന്റെ ഫോണില്‍ കണക്ട് ചെയ്തിട്ടുള്ള വീട്ടിലെ സുരക്ഷാ ക്യാമറയില്‍ നിന്ന് അപകടത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം കണ്ടു. അതോടെ എത്രയും പെട്ടന്ന് വീട്ടിലെത്തിയാല്‍ മതിയെന്നായി അദ്ദേഹത്തിന്.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്എഎ) പറയുന്നതനുസരിച്ച്, രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുവര്‍ക്കും നിസാര പരിക്കുകളേ ഉണ്ടായിട്ടുള്ളൂ. അവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തെത്തുടര്‍ന്ന് പ്രദേശത്തെ ചില മരങ്ങള്‍ക്കും ഒരു വീടിനും കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്നവര്‍ക്കല്ലാതെ മറ്റ് പരിക്കുകളൊന്നുമില്ല. പെട്ടെന്നുള്ള വിമാനാപകടം ആന്റണി ബൗഗിന്റെ കുടുംബത്തെ, പ്രത്യേകിച്ച് അത് കണ്ടുനിന്ന ഭാര്യയെയും മക്കളെയും ഞെട്ടിക്കുകയും ആഘാതത്തിലാക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പൊലീസ് ഡിപ്പാര്‍ട്ട്മെന്റും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ചേര്‍ന്ന്് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.