ന്യൂഡല്‍ഹി: രാജ്യത്തെ സമ്മര്‍ദ്ദം നിറഞ്ഞ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍ ഇഷ്ടമുള്ള ചാനലില്‍ താത്പര്യമുള്ള അവതാരകരെയും തിരഞ്ഞെടുക്കാമെന്നും ബിജെപി സംവാദത്തിന് തയ്യാറാണെന്നുമാണ് പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വെല്ലുവിളിച്ച് സ്മൃതി ഇറാനി പറഞ്ഞത്.
അമേഠിയിലേയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധി തീപ്പൊരി പ്രസംഗങ്ങളാണ് നടത്തുന്നത്. മോദി, ബിജെപി വിമര്‍ശനങ്ങള്‍ കടുപ്പിച്ചാണ് പ്രിയങ്ക പ്രചാരണം നീക്കുന്നത്. അതിനിടെയിലാണ് രാജ്യത്തെ സമ്മര്‍ദപൂരിതമായ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നില്ലെന്ന വിമര്‍ശനം പ്രിയങ്ക ഉന്നയിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ സ്മൃതി ഇറാനി പരസ്യ സംവാദത്തിന് വെല്ലുവിളിയുമായി എത്തിയിരിക്കുന്നത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നും രാഹുലിനെതിരായി മത്സരിച്ച സ്മൃതി ഇറാനി 55,000 വോട്ടുകള്‍ക്ക് രാഹുലിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കുറി റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ കിഷോരി ലാല്‍ ശര്‍മ്മയുമാണ് മത്സരിക്കുന്നത്. ഇതോടെ അമേഠിയും റായ്ബറേലിയും വീണ്ടും ശ്രദ്ധാകേന്ദ്രമായിമാറിയിരിക്കുകയാണ്.