അമേഠി: 2019ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ അതേ അമേഠിയില്‍ ഇന്ന് സ്മൃതി ഇറാനിയും തോറ്റു. രാഹുലോ പ്രിയങ്കയോ ആരു വന്നാലും താന്‍ തന്നെ, അല്ലെങ്കില്‍ ബിജെപി തന്നെ ജയിക്കുമെന്ന് ഉറക്കെ ഉറക്കെ പ്രഖ്യാപിച്ച സ്മൃതി ഇറാനിക്ക് അടിതെറ്റി. ഗാന്ധി കുടുംബത്തിലെ അടിച്ചു തളിക്കാരന്‍ എന്ന് അവര്‍ ആക്ഷേപിച്ച കിശോരിലാല്‍ ശര്‍മയാണ് സ്മൃതിയുടെ വിജയം വേരോടെ പിഴുത് അമേഠിക്കൊപ്പം തന്റെ പേരെഴുതിച്ചേര്‍ത്തത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസിന് വലിയ കിതപ്പ് നല്‍കി 55,000 വോട്ടുകള്‍ക്കാണ് രാഹുലിനെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. ഇക്കുറിയും വിജയം ആവര്‍ത്തിക്കുമെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു അവര്‍. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് വലിയ ചര്‍ച്ചയായപ്പോള്‍ പരാജയഭീതിയാലായതുകൊണ്ടാണിതെന്നായിരുന്നു സ്മൃതിയുടെ പരിഹാസം. രാഹുല്‍ ഗാന്ധി അമേഠിക്ക് പകരം റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ തീരുമാനം രാഷ്ട്രീയ രംഗത്ത് പ്രതിഫലിച്ചു. അവസരം മുതലെടുത്ത സ്മൃതി ഇറാനി ചരിത്രം സൃഷ്ടിക്കുമെന്നും വിജയം തനിക്കുതന്നെ എന്ന് ഉറപ്പിക്കുകയും ചെയ്തു. തന്നോട് തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് രാഹുല്‍ അമേഠിയില്‍ മത്സരിക്കാത്തതെന്നും സ്മൃതി കുറ്റപ്പെടുത്തി. എന്നാല്‍, സ്മൃതി ഇറാനിക്കെതിരെ ദീര്‍ഘകാല ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ്മയെ കോണ്‍ഗ്രസ് രംഗത്തിറക്കി. എന്നാലത് ഇത്ര വലിയ തോല്‍വി സമ്മാനിക്കുമെന്ന് സ്മൃതി ഒരിക്കലും കരുതിയിരുന്നില്ല.
.