
തിരുവനന്തപുരം: വാക്‌പോരും പാര്‍ട്ടിമാറ്റ ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ വിടാതെ പിന്തുടര്‍ന്ന് ബിജെപി നേതാവും ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭാ സുരേന്ദ്രന്‍. ഇപി ജയരാജന് ബിജെപിയിലേക്ക് വരാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് വീണ്ടും ആരോപിച്ച ശോഭാ സുരേന്ദ്രന്‍ അവസാന നിമിഷം അതില്‍നിന്ന് പിന്‍മാറേണ്ടി വന്നതിന്റെ വലിയ ദുഃഖം ഇപിക്ക് ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കി.
മാത്രമല്ല, തൃശൂരില്‍ തന്റെ വീടുണ്ടായിട്ടും ദല്ലാള്‍ നന്ദകുമാറുമായി കൂടിക്കാഴ്ചയ്ക്ക് രാമനിലയം നിശ്ചയിച്ചത് ഇപി തന്നെയെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇ.പി ജയരാജനുമായി മൂന്നുതവണ കൂടിക്കാഴ്ച നടത്തിയെന്നും രാമനിലയത്തില്‍ വച്ച് ഒരുതവണ കണ്ടപ്പോള്‍ മന്ത്രി രാധാകൃഷ്ണന്‍ അവിടെയുണ്ടായിരുന്നു എന്നും ശോഭ വ്യക്തമാക്കി.
നന്ദകുമാറിനെ ഇ.പി ജയരാജന്‍ തള്ളിപ്പറയാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച ശോഭ. പാര്‍ട്ടിയോട് ഉള്ളതിനേക്കാള്‍ ബന്ധം ഇപിക്ക് നന്ദകുമാറുമായി ഉണ്ടോ? എന്നും ചോദിച്ചു. തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്ന് പറഞ്ഞ ഇപി എന്തുകൊണ്ടാണ് ടി.ജി നന്ദകുമാറിനെതിരെ അത്തരം നടപടിയിലേക്ക് കടക്കാത്തതെന്നും ആരാഞ്ഞു.
താന്‍ എല്‍.ഡി.എഫില്‍ പോകുമെന്നത് നന്ദകുമാറിന്റെ സ്വപ്നം മാത്രം. തനിക്കെതിരായ ഗൂഢാലോചനയുടെ ചങ്ങല എവിടെ നിന്ന് തുടങ്ങിയെന്ന് കണ്ടുപിടിക്കാനുള്ള ബന്ധം തനിക്കുണ്ട്. ഇക്കാര്യത്തില്‍ ഇ.പി ജയരാജനും ഗോകുലം ഗോപാലനും റോളുണ്ടെന്നും ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു.