നിറം മാറിയ നിതീഷാണ് ഇപ്പോൾ താരം; ഓന്തുകൾക്ക് വെല്ലുവിളിയെന്ന് പരിഹാസം

ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ആർജെഡി-കോൺഗ്രസ് മഹാസഖ്യം വിട്ട് എൻഡിഎയിലേക്ക് കൂറുമാറിയിരിക്കുകയാണ്. കുറച്ചുദിവസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കാണ് ഞായറാഴ്ച രാജി സമർപ്പിച്ചതോടെ അന്ത്യമായത്. നിതീഷന്റെ പതിവ് ശൈലിയിലുള്ള അഞ്ചാം കൂറുമാറ്റത്തെ പരിഹസിച്ചും അവസരവാദ രാഷ്ട്രീയത്തെ വിമർശിച്ചും നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. മലയാളിയായ ശശി തരൂർ എംപി കടിച്ചാൽപൊട്ടാത്ത ഒരു വാക്ക് ട്വിറ്ററിൽ പങ്കു വച്ചിരിക്കുകയാണ്. “snollygoster”  എന്നാണ് ആ വാക്ക്. കൌശലക്കാരനായ, നെറികെട്ട രാഷ്ട്രീയക്കാരൻ എന്നൊക്കെ അതിനെ വേണമെങ്കിൽ പരിഭാഷപ്പെടുത്താം.

നിതീഷ് ഒരു ‘സ്നോളിഗോസ്റ്റർ’ ആണെന്ന തന്റെ പഴയ ട്വീറ്റ് പങ്കുവെച്ചാണ് തരൂരിന്റെ പ്രതികരണം. 2017ൽ  ആർജെഡിയുമായും കോൺഗ്രസുമായുമുള്ള ബിഹാറിലെ മഹാസഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാർ ബിജെപി പാളയത്തിൽ എത്തിയതിനെ വിമർശിച്ചു കൊണ്ടുള്ള ട്വീറ്റാണ് തരൂർ ഇന്ന് വീണ്ടും പങ്കുവെച്ചത്. 

രാഷ്ട്രീയ പങ്കാളികളെ അടിക്കടി മാറ്റുന്ന നിതീഷ് കുമാർ നിറം മാറുന്നതിൽ ഓന്തുകൾക്ക് കടുത്ത വെല്ലുവിളിയാണെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പരിഹാസം. ഈ വഞ്ചന ബിഹാറിലെ ജനങ്ങൾ പൊറുക്കില്ല. പ്രധാനമന്ത്രിയും ബിജെപിയും ഭാരത് ജോഡോ ന്യായ് യാത്രയെ ഭയക്കുന്നുണ്ടെന്നും അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ രാഷ്ട്രീയ നാടകമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

നിതീഷ് കുമാര്‍ എന്‍.ഡി.എ.യിലേക്ക് തിരിച്ചുപോകുമെന്ന വാർത്ത വന്നതോടെ അദ്ദേഹത്തിന്റെ പഴയ വീഡിയോ വൈറലായി .എന്‍.ഡി.എ.യിലേക്ക് പോകുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ് എന്ന് അദ്ദേഹം പറയുന്നതാണ് ആ വിഡിയോ. കഴിഞ്ഞ വർഷം ജനുവരി 30 ന് അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. നിതീഷ് സാറിൻ്റെ ആയുസ്സിനായി പ്രാർഥിക്കുന്നു എന്നാണ് ചിലർ അതിന് കമൻ്റ് ഇട്ടിരിക്കുന്നത്. ബിജെപിക്കൊപ്പം പോകുന്നതിനെക്കാൾ നല്ലത് മരിക്കുന്നതായിരുന്നു എന്നും ഒരുപാട് കമൻ്റുകളുണ്ട്.

നിതീഷിന്റെ ചുവടുമാറ്റം സംഭവിക്കുമെന്ന് അറിയാമായിരുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. “നേരത്തെ ഞങ്ങൾ ഒരുമിച്ചായിരുന്നു പോരാടിയത്. ലാലുവുമായും തേജസ്വിയുമായും സംസാരിച്ചപ്പോൾ നിതീഷ് പോകുന്നുവെന്ന് അവരും പറഞ്ഞു. അദ്ദേഹത്തിന് ഇവിടെ തുടരാൻ താത്പര്യമുണ്ടായിരുന്നെങ്കിൽ ആകാമായിരുന്നു. പക്ഷേ പോകാനാണ് ആഗ്രഹിക്കുന്നത്,” ഖാർഗെ പറഞ്ഞു.

നീതീഷിനേയും ബിജെപിയേയും പരിഹസിച്ചാണ് ലാലു പ്രസാദിൻ്റെ മകൾ രോഹിണി ആചാര്യയുടെ പോസ്റ്റ്. ‘മാലിന്യം ഇപ്പോൾ മാലിന്യക്കുട്ടയിൽ തന്നെ തിരിച്ചെത്തി. മാലിന്യ കൂട്ടത്തിന് ദുർഗന്ധ പൂരിതമായ മാലിന്യ ദിന ആശംസകൾ’ എന്നാണ് അവർ കുറിച്ചിരിക്കുന്നത്.

Social Media hilariously Compares Nitish to Chameleon

More Stories from this section

family-dental
witywide