സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്ന് കൈരളി ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും സമരം അവസാനിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ബ്രിട്ടാസും തിരുവഞ്ചൂരും തമ്മില്‍ സംസാരിച്ചിരുന്നുവെന്നും അതിന് താനാണ് വഴിയൊരുക്കിയതെന്നും ചെറിയാന്‍ ഫിലിപ്പും വെളിപ്പെടുത്തി. ”2013 ല്‍ സോളാര്‍ വിവാദവും സമരവും എല്ലാം നടക്കുന്നത്. അത് പ്ലാന്‍ ചെയ്യുമ്പോള്‍ ഞാന്‍ എ കെ ജി സെന്ററില്‍ ഉണ്ട്. ഈ സമരം പ്രായോഗികമല്ലെന്ന് അന്ന് തന്നെ നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നു. വി എസ് അച്യുതാനന്ദന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സമരം നടത്തിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമരം നടത്തുന്നതിന്റെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോന്ന് ഫോണ്‍ വിളിയിലൂടെ ചോദിച്ചു. ആ സമയത്ത് ജോണ്‍ ബ്രിട്ടാസ് കൂടെയുണ്ടായിരുന്നു. ഞാന്‍ വഴിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജോണ്‍ ബ്രിട്ടാസിനോട് സംസാരിക്കുന്നത്. ജോണ്‍ ബ്രിട്ടാസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അല്ല സമരം ഒത്തുതീര്‍പ്പായത്. അതൊരു ഘടകം മാത്രമായിരുന്നു”- ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
അതേസമയം സമരം അവസാനിപ്പിക്കാന്‍ എന്ത് വിട്ടുവീഴ്ചയും ചെയ്യാമെന്ന് പറഞ്ഞ് തന്നെ ബന്ധപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നുവെന്നാണ് ഈ വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം.