സൊമാലിയയില്‍ സൈനിക താവളത്തിന് നേരെ സൈനികന്‍ വെടിയുതിര്‍ത്തു : അഞ്ച് മരണം, കൊല്ലപ്പെട്ടവരില്‍ യുഎഇ സൈനികരും

ന്യൂഡല്‍ഹി: ശനിയാഴ്ച സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ സൈനിക താവളത്തില്‍ സൈനികന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സൊമാലിയന്‍ സൈനിക ഉദ്യോഗസ്ഥരും യുഎഇ സൈനികരും ഉള്‍പ്പെടെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പരിശീലനത്തിനു മുന്നോടിയായി സൈനികര്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെയായിരുന്നു വെടി ഉതിര്‍ത്തത്. പുതുതായി പരിശീലനം നേടിയ സൊമാലിയന്‍ സൈനികനായ തോക്കുധാരിയും യുഎഇ നിയന്ത്രിക്കുന്ന ഗോര്‍ഡന്‍ സൈനിക താവളത്തില്‍ വെടിയേറ്റു മരിച്ചതായാണ് വിവരം. അഹമ്മദ് എന്നാണ് ഇയാളുടെ പേര് എന്നതുമാത്രമാണ് ലഭ്യമാകുന്ന വിവരം. സംഭവത്തില്‍ പരിക്കേറ്റ 10 സോമാലിയന്‍ സൈനികരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

എന്നാല്‍, സൊമാലിയന്‍ സായുധ സേനയെ പരിശീലിപ്പിക്കുന്നതിനിടെ സൊമാലിയയില്‍ നടന്ന ഭീകരാക്രമണത്തിലാണ് ഈ മരണങ്ങളെന്നാണ് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. മാത്രമല്ല, ആക്രമണത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ മന്ത്രാലയം നല്‍കിയിട്ടില്ല. കൊലപാതകത്തിലേക്ക് നയിച്ച കാരണമോ മറ്റോ ബന്ധപ്പെട്ട അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ ഷബാബ് തങ്ങളുടെ റേഡിയോ അല്‍ ആന്‍ഡലസിലെ പ്രസ്താവനയിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും തങ്ങളുടെ പോരാളികള്‍ 17 സൈനികരെ വധിച്ചതായി പറയുകയും ചെയ്തിട്ടുണ്ട്. സൊമാലിയയില്‍ സ്വന്തം ഭരണം സ്ഥാപിക്കാന്‍ 2006 മുതല്‍ അല്‍ ഷബാബ് സോമാലിയന്‍ സര്‍ക്കാരിനെതിരെ ഒരു കലാപം നടത്തിവരുന്നുണ്ട്. ഇിന്റെ ഭാഗമാണോ പുതിയ ആക്രമണം എന്നും സംശയമുണ്ട്.

സംഭവത്തെത്തുടര്‍ന്ന് സൊമാലിയന്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദ് സ്റ്റേറ്റ് മീഡിയയില്‍ (സോന്ന) പ്രസ്താവനയില്‍ യുഎഇയെ അനുശോചനം അറിയിച്ചു.

More Stories from this section

family-dental
witywide