ന്യൂഡൽഹി: ഈ വർഷം ഏകദേശം 4,300 കോടീശ്വരന്മാർ ഇന്ത്യ വിടുമെന്ന് പ്രതീക്ഷിക്കുന്നു. ഭൂരിഭാഗം പേരും യുഎഇയെ തങ്ങളുടെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുമെന്ന് അന്താരാഷ്ട്ര നിക്ഷേപ കുടിയേറ്റ ഉപദേശക സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിൻ്റെ സമീപകാല റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഇതേ റിപ്പോർട്ടിൽ 5100 ഇന്ത്യൻ കോടീശ്വരന്മാർ വിദേശത്തേക്ക് താമസം മാറ്റിയതായി പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ചൈനയ്ക്കും യുകെയ്ക്കും പിന്നാലെ കോടീശ്വരൻമാരുടെ കുടിയേറ്റത്തിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമെന്ന പട്ടികയിൽ ഇന്ത്യ ഇപ്പോൾ ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇന്ത്യ വിടുന്ന മൊത്തം കോടീശ്വരൻമാരുടെ എണ്ണം ചൈനയുടെതിനെക്കാൾ 30% ൽ താഴെയാണ്.
എന്നാൽ രാജ്യം വിടുന്ന കോടീശ്വരന്മാരിൽ പലരും ഇന്ത്യയിൽ തങ്ങളുടെ ബിസിനസുകളും വീടുകളും നിലനിർത്തുന്നുണ്ടെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 1,28,000 കോടീശ്വരന്മാർ 2024-ൽ സ്വന്തം രാജ്യം വിട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യം വിടുന്നവർ തിരഞ്ഞെടുക്കുന്ന ലക്ഷ്യ സ്ഥാനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ യുഎഇയും യുഎസ്എയും ആണ്.