മോദിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ്, വാരാണസിയുടെ സ്‌നേഹ സമ്മാനമെന്ന് പ്രകാശ് രാജ്; വൈറലായി വീഡിയോ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വാരാണസി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാറിന് നേരെ ചെരുപ്പ് ഏറ്. വാരാണസിയിലെ ജനത്തിരക്കേറിയ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കനത്ത സുരക്ഷയുള്ള വാഹനത്തിനു നേരെ ചെരുപ്പ് പാഞ്ഞെത്തിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. സംഭവത്തോട് പ്രതികരിച്ച പ്രകാശ് രാജ് ഇതിനെ വാരാണസിയുടെ സ്‌നേഹ സമ്മാനമെന്നാണ് പരിഹസിച്ചത്.

വീഡിയോയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ബോണറ്റിന് കുറുകെ ചാരിയിരിക്കുന്നതും അതില്‍ പതിച്ച ചെരുപ്പ് വലിച്ചെറിയുന്നതും കാണാം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ദശാശ്വമേധ ഘട്ടില്‍ നിന്ന് കെവി മന്ദിറിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വാരാണസി നിവാസികള്‍ പറഞ്ഞതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1.41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 19 സെക്കന്‍ഡുകള്‍ക്കുള്ളില്‍, ‘മോദി, മോദി’ എന്ന വിളികള്‍ക്കിടയില്‍, ‘ചപ്പല്‍ ഫെങ്ക് കെ മാറാ (ഒരു ചെരുപ്പ് എറിയപ്പെട്ടു)’ എന്ന് ഒരു കാഴ്ചക്കാരന്‍ പറയുന്നതും കേള്‍ക്കാം. അധികം വൈകാതെ, പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിലെ ഒരു അംഗം കൈ നീട്ടി ചെരുപ്പ് എടുത്ത് വലിച്ചെറിഞ്ഞു.

എന്നാല്‍, എറിഞ്ഞത് ചെരുപ്പല്ല, മൊബൈല്‍ ഫോണാണെന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ടെലഗ്രാഫ് റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രിക്ക് മുമ്പും പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, അദ്ദേഹത്തിന്റെ ചില പരിപാടികളില്‍ കറുത്ത വസ്ത്രങ്ങള്‍ അനുവദനീയമല്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കുത്തനെ കുറഞ്ഞ ഭൂരിപക്ഷത്തോടെ വാരാണസിയില്‍ മൂന്നാം തവണയും തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിലായിരുന്നു മോദി. വാരാണസിയില്‍ നിന്ന് 1,52,513 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോദി മൂന്നാം തവണയും വിജയിച്ചത്, 2019ലെ വിജയമാര്‍ജിനായ 4.8 ലക്ഷത്തേക്കാള്‍ വളരെ താഴെയായിരുന്നു ഇക്കുറി അദ്ദേഹത്തിന് ലഭിച്ചത്.

More Stories from this section

family-dental
witywide