
ഭോപ്പാൽ: കിരീടധാരണത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ചിലപ്പോള്‍ വനവാസത്തിന് പോകേണ്ടിവരുന്നുവെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്‍. 2023 നവംബറിൽ നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വൻ വിജയത്തിന് ശേഷം, നാല് തവണ സംസ്ഥാന മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ചൗഹാനെ മാറ്റി മോഹൻ യാദവിനെ പാർട്ടി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം ബുധ്നി നിയമസഭാ മണ്ഡലത്തിലെ ഷാഗഞ്ച് ടൗണിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ചൗഹാൻ വികാരാധീനനായി, താൻ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് തന്റെ സഹോദരിമാർക്കിടയിൽ തുടരുമെന്ന് പറഞ്ഞു. താന്‍ എവിടെയും പോകില്ലെന്നും ഇവിടെ ജീവിച്ച് ഇവിടെ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ബിജെപി സർക്കാർ ആരംഭിച്ച ലാഡ്‌ലി ബെഹ്‌ന യോജന (സ്ത്രീക്ഷേമം), ലാഡ്‌ലി ബെഹ്‌ന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഭവന പദ്ധതി, ഓരോ കുടുംബത്തിനും ഒരു ജോലി എന്ന പദ്ധതി, കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും നിലവിലെ സർക്കാർ നിറവേറ്റുമെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു.
“സ്ത്രീകളുടെ ക്ഷേമത്തിനായുള്ള പദ്ധതി ഉള്‍പ്പെടെ കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളെല്ലാം പുതിയ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകും. ചിലപ്പോള്‍ കിരീടധാരണത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഒടുവില്‍ വനവാസത്തിനായി പോകേണ്ടിവരും. ഇതെല്ലാം സംഭവിക്കുന്നത് ചില ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനാണ്,” ചൗഹാന്‍ പറഞ്ഞു.
ബുധിനി മണ്ഡലത്തില്‍ നിന്ന് 1.04 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശിവരാജ് സിങ് ചൗഹാന്‍ വിജയിച്ചത്. 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയില്‍ 163 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 66 സീറ്റുകളാണ് ലഭിച്ചത്. ഭാരതീയ ആദിവാസി പാര്‍ട്ടിക്ക് ഒരു സീറ്റും ലഭിച്ചിരുന്നു.