ഓണ്‍ലൈന്‍ ഗെയിമിന് അടിമയായി കടംകയറിയ മകന്‍ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ അമ്മയെ കൊന്നു

ലക്‌നൗ: ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ യുവാവ് തന്റെ ലൈഫ് ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യാനും അതിലൂടെ തന്റെ വന്‍ കടബാധ്യതകള്‍ തീര്‍ക്കാനും കണ്ടെത്തിയത് അതി ക്രൂരമായ വഴിയായിരുന്നു. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി ഹിമാന്‍ഷു യുവാവാണ് തന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം യമുനാ നദീതീരത്ത് സംസ്‌കരിച്ചത്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

പോലീസ് പറയുന്നതനുസരിച്ച്, ഹിമാന്‍ഷു ജനപ്രിയ പ്ലാറ്റ്ഫോമായ സുപെയിലെ ഗെയിമിന് അടിമയായിരുന്നു. കളിയോടുള്ള അയാളുടെ ആസക്തി കളി തുടരാന്‍ ആവര്‍ത്തിച്ച് പണം കടം വാങ്ങാന്‍ അയാളെ നിരന്തരം അപ്രേരിപ്പിച്ചു. ഏകദേശം നാലു ലക്ഷത്തോളം രപ ഇത്തരത്തില്‍ യുവാവ് പലരോടായി കടം വാങ്ങി.

എന്നാല്‍ പണം തിരികെ ചോദിച്ച് കടക്കാര്‍ പിന്നാലെ കൂടിയപ്പോള്‍ തന്റെ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ ഹിമാന്‍ഷു കണ്ടെത്തിയ വഴിയായിരുന്നു അമ്മയെ കൊന്ന് അത് സാധാരണ മരണമായി ചിത്രീകരിച്ച് ഇന്‍ഷുറന്‍സ് തുക തട്ടുക എന്നത്.

ഹിമാന്‍ഷു തന്റെ പിതൃസഹോദരിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചതായും അതില്‍ നിന്ന് ലഭിച്ച തുക തന്റെ മാതാപിതാക്കള്‍ക്കായി 50 ലക്ഷം രൂപ വീതമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങാന്‍ ഉപയോഗിച്ചതായും ഫത്തേപൂര്‍ അഡീഷണല്‍ എസ്പി പറഞ്ഞു. തുടര്‍ന്ന്, പിതാവ് ഇല്ലാത്തപ്പോള്‍, അമ്മ പ്രഭയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു ഇയാള്‍. മൃതദേഹം ചണച്ചാക്കിനുള്ളില്‍ ഒളിപ്പിച്ച് ട്രാക്ടര്‍ വഴി യമുനാ നദീതീരത്ത് എത്തിച്ചു. പിന്നീട് അവിടെവെച്ച് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

ഹിമാന്‍ഷുവിന്റെ പിതാവ് റോഷന്‍ സിംഗ് ചിത്രകൂട് മടങ്ങിയെത്തിയപ്പോള്‍ ഭാര്യയും മകനും വീട്ടില്‍ ഇല്ലെന്ന് കണ്ടെത്തി. അയല്‍വാസികളോട് അന്വേഷിച്ച സമീപത്തെ സഹോദരന്റെ വസതിയില്‍ എത്തിയപ്പോഴാണ് പ്രഭ എവിടെയാണെന്ന് ആര്‍ക്കും അറിയില്ലെന്ന്് അറിയുന്നത്. നദിക്ക് സമീപം ട്രാക്ടറില്‍ ഹിമാന്‍ഷുവിനെ കണ്ടതായി അയല്‍വാസി പറഞ്ഞതോടെ സംശയം തോന്നിയ റോഷന്‍ ഭാര്യയെ കാണാനില്ലെന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന്, പ്രഭയുടെ മൃതദേഹം യമുനാ നദിയുടെ പരിസരത്ത് നിന്ന് കണ്ടെത്തുകയും ഹിമാന്‍ഷുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെയാണ് തന്റെ കടം വീട്ടാനാണ് ഈ ക്രൂരത ചെയ്തതെന്ന് അയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്.

More Stories from this section

family-dental
witywide