ന്യൂഡല്‍ഹി: മോദിക്ക് മൂന്നാം ഊഴം പ്രവചിച്ച എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിന് തികച്ചും വിപരീതമായിരിക്കും യഥാര്‍ത്ഥ ഫലമെന്ന് സോണിയ ഗാന്ധി പറഞ്ഞു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മവാര്ഷികത്തില് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഒരു പരിപാടിക്കിടെയായായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണമെത്തിയത്. ‘നമുക്ക് കാത്തിരിക്കണം, കാത്തിരുന്ന് കാണാം’ എന്നും സോണിയ പ്രതികരിച്ചു.
ബിജെപിക്കും എന്‍ഡിഎയ്ക്കും ഉജ്ജ്വല വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളി നേരത്തെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. എക്സിറ്റ് പോളുകളെ ‘മോദി മീഡിയാ പോള്‍’ എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.
പത്ത് എക്സിറ്റ് പോളുകളും ബിജെപിക്ക് ഉജ്ജല വിജയമാണ് പ്രവചിച്ചത്. ഇവയില്‍ ചിലത് 543 അംഗ സഭയില്‍ എന്‍ഡിഎയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം പോലും പ്രവചിക്കുന്നു.