അക്കൗണ്ട് മരവിപ്പിച്ച് കോൺഗ്രസിനെ സാമ്പത്തികമായി തകർത്തു; മോദിയുടേത് അപകടകരമായ കളിയെന്ന് സോണിയയും ഖർഗെയും രാഹുലും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പാര്‍ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് മോദിയും ബി ജെ പിയും ചേ‍ർന്ന് കോൺഗ്രസിനെ സാമ്പത്തികമായി തകർത്തെന്നാണ് സോണിയ ഗാന്ധി, മല്ലികാ‍ർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ബി ജെ പിയുടേതും മോദിയുടേതും അപകടകരമായ കളിയാണെന്നും ഇതിന് പ്രത്യാഘാതം ഉണ്ടാകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമായ ശേഷം അത്യപൂർവമായി മാത്രം വാർത്താസമ്മേളനം നടത്താറുള്ള സോണിയ രൂക്ഷമായാണ് വിഷയത്തിൽ പ്രതികരിച്ചത്.

സോണിയ പറഞ്ഞത്

പ്രധാനമന്ത്രി കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിന്‍റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയാണ്. ഇത് ഗുരുതരമായ പ്രശ്നമാണെന്നും പ്രതിക്ഷത്തെ നിരായുധരാക്കാനുള്ള നീക്കമാണെന്നും സോണിയ പറഞ്ഞു. മോദിയുടേത് അപകടകരമായ നീക്കമാണെന്നും ഇത് ബി ജെ പിക്ക് വലിയ തിരിച്ചടിയാകുമെന്നും സോണിയ ചൂണ്ടികാട്ടി.

ഖർഗെ പറഞ്ഞത്

രാജ്യത്ത് നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടക്കണം. പക്ഷേ അത് ഇപ്പോൾ നടക്കുമെന്ന് തോന്നുന്നില്ല. അധികാരത്തിന്‍റെ എല്ലാ മേഖലകളും ബി ജെ പി കൈയടക്കി വച്ചിരിക്കുകയാണ്. കേന്ദ്ര ഏജൻസികൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവിടങ്ങളിലെല്ലാം ഏകാധിപത്യമാണ് നടക്കുന്നത്. ഇലക്ട്രൽ ബോണ്ട് നിയവിരുദ്ധമെന്ന് കോടതി പറഞ്ഞു. ആയിരക്കണക്കിന് കോടി ബിജെപി ബോണ്ടിലൂടെ നേടി. കോൺഗ്രസിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ച് പ്രതികാരം വീട്ടുകയാണ്. അപകടകരമായ കളിയാണ് ബിജെപി കളിക്കുന്നത്. ഇങ്ങനെ പോയാൽ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കില്ല. രാഷ്ട്രീയ പാർട്ടികൾ നികുതി നൽകാറില്ല. ബി ജെ പിയും ഇതുവരെ നൽകിയിട്ടില്ല. കോൺഗ്രസ് മാത്രം എന്തിന് നികുതി നൽകണമെന്നും ഖർഗെ ചോദിച്ചു. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലപ്പെടുത്താൻ അക്കൗണ്ടുകൾ മരവിപ്പിക്കുകയാണ്. അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി എത്രയും വേഗം പിൻവലിക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി പറഞ്ഞത്

ബാങ്ക് അക്കൗണ്ടുകളും എം ടി എം കാർഡുകളും മരവിപ്പിച്ചാൽ സാധാരണക്കാർക്ക് എന്ത് സംഭവിക്കും? അതാണ് ഇപ്പോൾ കോൺഗ്രസിന് സംഭവിച്ചിരിക്കുന്നത്. കോൺഗ്രസിനെ സാമ്പത്തികമായി തകർത്തിരിക്കുന്നു. പ്രചാരണത്തിന് പണം ഇല്ല. പാർട്ടി യാത്രകൾക്ക് കഴിയുന്നില്ലെന്നും മോദിയുടെയും ബി ജെ പിയുടെയും ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.

കോണ്‍ഗ്രസിനെതിരായ ആദായ നികുതി വകുപ്പിന്റെ നീക്കം എന്താണ്

2018-2019 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ കോണ്‍ഗ്രസ് 45 ദിവസം വൈകിയാണ് ഫയല്‍ ചെയ്തത്. 2019 ഡിസംബര്‍ 31നകമായിരുന്നു റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിയിരുന്നത്. ഇതിന് പകരം 2020 ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് റിട്ടേണ്‍ ഫയല്‍ ചെയ്തത്. ഇതികൂടാതെ കോണ്‍ഗ്രസ് അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ ഉറവിടത്തില്‍ അവ്യക്തിതയുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

റിട്ടേണ്‍ അടക്കാന്‍ വൈകിയതും സംഭാവനയുടെ ഉറവിടത്തിലെ അവ്യക്തതയും ചൂണ്ടിക്കാട്ടി 210 കോടി രൂപ ആദായ നികുതി വകുപ്പ് കോണ്‍ഗ്രസ് പിഴ ചുമത്തി. ഇതിന് പിന്നാലെ രണ്ട് ഘട്ടമായി ആദായ നികുതി വകുപ്പ് 115 കോടി രൂപ കോണ്‍ഗ്രസ് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പിന്‍വലിച്ച് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റി. രാഷ്ട്രീയ പാര്‍ടികള്‍ക്ക് സംഭാവന സ്വീകരിക്കുന്നതിന് നികുതി ഇളവ് ഉണ്ടെങ്കിലും കോണ്‍ഗ്രസിന് ഐടി നിയമത്തിലെ 13 എ പ്രകാരമുള്ള ഇളവ് കിട്ടില്ലെന്നും ഐ.ടി വകുപ്പ് വ്യക്തമാക്കുന്നു. 

പിഴ തുകയില്‍ ബാക്കി പണം കൂടി അടക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഐ.ടി വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

രാജ്യത്തെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനയാണ് കോണ്‍ഗ്രസ് അക്കൗണ്ടുകളില്‍ ഉള്ളത്. ഭൂരിഭാഗം തുകയും വന്നത് അക്കൗണ്ടുകള്‍ വഴിയാണ്. 14 ലക്ഷം രൂപ മാത്രമാണ് പണമായി കിട്ടിയതെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. ഐ.ടി വകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. ഇതോടെയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ബിജെപിക്കെതിരെ രാഷ്ട്രീയ പ്രതിരോധം കോണ്‍ഗ്രസ് ശക്തമാക്കുന്നത്. 

Sonia Gandhi says systematic effort under way by PM Modi to cripple Congress financially

More Stories from this section

family-dental
witywide