‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ആരോഗ്യം, പ്രായം…’ റായ്ബറേലിയിലെ വോട്ടര്‍മാര്‍ക്ക് സോണിയ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്നലെയാണ് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇന്നിതാ 2004 മുതല്‍ ലോക്സഭയില്‍ റായ്ബറേലിയെ പ്രതിനിധീകരിച്ച സോണിയ ഗാന്ധി പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് ഒരു കത്ത് നല്‍കിയിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് സോണിയ ഗാന്ധി വ്യാഴാഴ്ച വോട്ടര്‍മാരെ അറിയിച്ചത്.

റായ്ബറേലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത കത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷകൂടിയായ സോണിയ ഗാന്ധി, അവര്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. ഭര്‍ത്താവ് രാജീവ് ഗാന്ധിയും മുന്‍ പ്രധാനമന്ത്രിയും അമ്മായിയമ്മയുമായ ഇന്ദിരാഗാന്ധിയേയും നഷ്ടപ്പെട്ട ശേഷം റായ്ബറേലിയിലെത്തിയപ്പോള്‍ ജനങ്ങള്‍ നല്‍കിയ കരുതലിനെ കത്തില്‍ അനുസ്മരിച്ചു.

റായ്ബറേലിയില്‍ തങ്ങളുടെ കുടുംബത്തിന്റെ വേരുകള്‍ വളരെ ആഴത്തിലുള്ളതാണെന്നും പഴയതുപോലെ ഭാവിയിലും നിങ്ങള്‍ എനിക്കും എന്റെ കുടുംബത്തിനും ഒപ്പം നില്‍ക്കുമെന്ന് എനിക്കറിയാമെന്നും സോണിയ എഴുതി. കൂടാതെ, തന്റെ ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ, സോണിയാ ഗാന്ധി രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ജയ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സോണിയാ ഗാന്ധിക്കൊപ്പം രാഹുലും പ്രിയങ്കയും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഏപ്രിലില്‍ ഒഴിവു വരുന്ന സീറ്റിലേക്കാണ് സോണിയ മത്സരിക്കാനിറങ്ങുന്നത്. 77 കാരിയായ സോണിയ രാജസ്ഥാനില്‍ നിന്ന് ആദ്യമായാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

More Stories from this section

family-dental
witywide