
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം പൂർത്തിയായി. യോഗത്തിൽ, പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ അശോക ഹോട്ടലിൽ രാവിലെ 11 മണിക്കാണ് യോഗംആരംഭിച്ചത്. മുഴുവൻ കോൺഗ്രസ് എംപിമാരും പങ്കെടുക്കുന്ന പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരും. വൈകിട്ട് ചേരുന്ന പാർലമെന്ററി പാർട്ടി യോഗം രാഹുലിനെ നേതാവായി തിരഞ്ഞെടുക്കും.

പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നും അനുകൂല മറുപടി ലഭിച്ചോ എന്ന് വ്യക്തമല്ല. “ഞങ്ങളുടെ ആഗ്രഹം 140 കോടി ജനങ്ങളുടെയും ആവശ്യം തന്നെയാണ്. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ലോക്‌സഭാ സ്ഥാനം ഏറ്റെടുക്കണം,” തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. നാളെ നരേന്ദ്ര മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുമ്പുള്ള യോഗത്തിൽ, പഴയ പാർട്ടിയിൽ വിശ്വാസം അർപ്പിച്ച് സ്വേച്ഛാധിപത്യ ശക്തികൾക്ക് ജനങ്ങൾ തക്ക മറുപടി നൽകിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഉച്ചകഴിഞ്ഞ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുമായി കോൺഗ്രസ് പാർലമെൻ്ററി പാർട്ടി (സിപിപി) യോഗം ചേരും. നിലവിൽ സോണിയ ഗാന്ധിയാണ് പാർട്ടി അധ്യക്ഷ സ്ഥാനം വഹിക്കുന്നത്.