ആവേശ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം, ഒപ്പം സെമി ടിക്കറ്റും, കരിബിയൻ സ്വപ്നം പൊലിഞ്ഞു

ആവേശം അലയടിച്ചുയർന്ന പോരാട്ടത്തിൽ വിൻഡിസിനെ മലർത്തിയടിച്ച് ദക്ഷിണാഫ്രിക്ക ടി 20 ലോകകപ്പിന്റെ സെമി ടിക്കറ്റ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മാര്‍ക്കോ ജാന്‍സന്‍ ആണ് ടീമിന് ജയം സമ്മാനിച്ചത്.

136 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായിരുന്നു. തുടക്കത്തില്‍ തന്നെ റീസ ഹെന്റിക്‌സിനെ നഷ്ടമായി. ക്വിന്റന്‍ ഡി കോക്കിനും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിനും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഹെയ്ന്റിച്ച് ക്ലാസനും സ്റ്റബ്‌സും ക്രീസില്‍ ഒന്നിച്ചതോടെയാണ് ടീമിന് പ്രതീക്ഷ ലഭിച്ചത്. അതിനിടെ മഴ കളി മുടക്കിയതോടെ വിജയലക്ഷ്യം 17 ഓവറില്‍ 123 റണ്‍സ് ആയി ചുരുക്കി. അഞ്ചുപന്ത് ബാക്കി നില്‍ക്കേയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ദക്ഷിണാഫ്രിക്ക 16.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടിയത്.

കഴിഞ്ഞ കളിയില്‍ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത വെസ്റ്റ് ഇന്‍ഡീസിന് ഇത്തവണ 20 ഓവറില്‍ 135 റണ്‍സ് മാത്രമാണ് നേടാനായത്. റോസ്റ്റന്‍ ചെയ്‌സിന്റെ അര്‍ധ സെഞ്ച്വറിയാണ് നൂറ് കടക്കാന്‍ വിന്‍ഡീസിനെ സഹായിച്ചത്. 42 പന്തില്‍ 52 റണ്‍സ് നേടിയ ചെയ്‌സിന്റെ ഇന്നിംഗ്‌സില്‍ രണ്ടു സിക്‌സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടുന്നു. ഓപ്പണറായ കെയ്ല്‍ മേയേഴ്‌സ് മികച്ച തുടക്കമാണ് നല്‍കിയത്. 34 പന്തില്‍ 35 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇത് മുതലാക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് ആയില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടബ്രിസ് ഷംസി മൂന്ന് വിക്കറ്റ് നേടി.