ട്രിനിഡാഡ്: ഓസ്ട്രേലിയയെയും ബംഗ്ലാദേശിനെയും തകർത്ത അഫ്ഗാനിസ്ഥാന്റെ ട്വന്റി20 ലോകകപ്പിലെ കുതിപ്പിന് സെമിയില്‍ ദക്ഷിണാഫ്രിക്ക കടിഞ്ഞാണിട്ടു. അഫ്ഗാനിസ്ഥാനെതിരെ ഒന്‍പതു വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് കുതിച്ചു. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 57 റണ്‍സ് വിജയ ലക്ഷ്യം കേവലം 8.5 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. എട്ട് പന്തില്‍ അഞ്ച് റണ്‍സെടുത്ത ക്വിന്റന്‍ ഡികോക്ക് മാത്രമാണു ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ പുറത്തായത്. ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ ഡികോക്ക് ബോള്‍ഡാകുകയായിരുന്നു. റീസ ഹെന്റിക്‌സും (25 പന്തില്‍ 29) ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്‌റാമും (21 പന്തില്‍ 23) ടീമിന് അനായാസ ജയം സമ്മാനിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 56 റൺസിന് ഓൾഔട്ടായി. 11.5 ഓവറില്‍ എല്ലാവരും പാവലിയനിൽ മടങ്ങിയെത്തി. 12 പന്തില്‍ 10 റണ്‍സെടുത്ത അസ്മത്തുല്ല ഒമര്‍സായിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറ്റു താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ പോലും സാധിച്ചില്ല. മൂന്ന് അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്‌ക്കായി പേസര്‍ മാര്‍കോ ജാന്‍സന്‍, സ്പിന്നര്‍ ടബരെയ്‌സ് ഷംസി എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. കഗിസോ റബാദയും ആൻറിച്ച് നോർജെയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.