ദക്ഷിണാഫ്രിക്കയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 45 മരണം, രക്ഷപ്പെട്ടത് എട്ട് വയസ്സുകാരി മാത്രം

ജോഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിംപോപോയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേർക്ക് ദാരുണാന്ത്യം. ബോട്‌സ്വാനയുടെ തലസ്ഥാനമായ ​ഗബുറോണിൽ നിന്നും ദക്ഷിണാഫ്രിക്കയിലെ മൊറിയയിലേക്ക് തീർഥാടകരുമായി പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

165 അടിയോളം താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. 46 യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. അപകടത്തിൽ രക്ഷപ്പെട്ട ഏക എട്ടുവയസ്സുകാരിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്തെത്തിയ ഗതാഗത മന്ത്രി സിന്ദിസിവെ ചിക്കുംഗ, മരിച്ചുവരുടെ കുടുംബംഗങ്ങൾക്ക് അനുശോചനം അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ദക്ഷിണാഫ്രിക്കൻ സർക്കാർ സഹായിക്കുമെന്നും അപകടത്തിൻ്റെ കാരണത്തെക്കുറിച്ച് പൂർണ്ണമായ അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു.

പാലത്തിന് മുകളിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. കൈവരിയിലിടിച്ച് താഴ്ചയിലേക്ക് വീണ ബസ്സില്‍ നിന്നും തീ പടര്‍ന്നു. മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാനായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

More Stories from this section

family-dental
witywide