യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ളിക്കൻ സ്ഥാനാർഥിയെ തിരഞ്ഞെടുക്കാനുള്ള സൗത്ത് കരോലിന പ്രൈമറിയിൽ ഡോണാൾഡ് ട്രംപ് വിജയിച്ചു. മുൻ സൗത്ത് കരോലിന ഗവർണറും യുഎൻ അംബസഡറുമായിരുന്ന നിക്കിഹേലിയെയാണ് ട്രംപ് പിന്നിലാക്കിയത്. നാലാമത്തെ പ്രൈമറിയാണ് ശനിയാഴ്ച തെക്കൻ സംസ്ഥാനമായ സൗത്ത് കരോലിനയിൽ നടന്നത്.
ഇത്രയും ഐക്യമുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് ട്രംപ് തൻ്റെ വിജയ പ്രസംഗത്തിൽ അവകാശപ്പെട്ടു.
“ഇതൊരു അതിശയകരമായ സായാഹ്നമാണ്,” ട്രംപ് തൻ്റെ അണികളോട് പറഞ്ഞു. “നമുക്ക് ഒരു 15 മിനിറ്റ് ആഘോഷിക്കാം, അതിനുശേഷം നമ്മൾ വീണ്ടും ജോലി തുടരണം, അടുത്ത പ്രൈമറികളിലും 16 സംസ്ഥാനങ്ങൾ ഒറ്റ ദിവസം വോട്ടുചെയ്യുന്ന സൂപ്പർ ചൊവ്വാഴ്ചയിലും വിജയം ഉറപ്പാക്കേണ്ടതുണ്ട്” ട്രംപ് പറഞ്ഞു. നവംബർ 5-ന് താൻ ജോ ബൈഡൻ്റെ കണ്ണുകളിലേക്ക് നോക്കി, ‘ജോ നിങ്ങളെ ഞാൻ തോൽപ്പിച്ചു, തോൽപ്പിച്ചു, തോൽപ്പിച്ചു..’. എന്ന് പറയാൻ താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു..
സൗത്ത് കരോലിനയ്ക്ക് പുറമെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇതുവരെ നടന്ന നാല് പ്രൈമറികളിലും ട്രംപ് തന്നെയാണ് ജയിച്ചത്. മുൻപ് നടന്ന പ്രൈമറികളിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മത്സരിച്ചിരുന്ന പല റിപ്പബ്ലിക്കൻ നേതാക്കളും പിന്മാറിയിരുന്നു. ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി, റോൺ ഡി സാന്റിസ് എന്നിവർ പിന്മാറിയിട്ടും ട്രംപിനെതിരെ ഹേലി മാത്രമാണ് പിടിച്ചുനിന്നത്. എന്നാൽ ഈ തോല്‍വിയോട് കൂടി ഹേലിക്കും പിന്മാറാനുള്ള സമ്മർദമേറും. അയോവ, ന്യൂ ഹാംപ്‌ഷെയർ, നെവാഡ, എന്നിവിടങ്ങളിലാണ് പ്രൈമറികൾ നടന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഹേലി ട്രംപിനെതിരെയുള്ള വിമർശനങ്ങൾക്ക് മൂർച്ച കൂട്ടിയിരുന്നു. നവംബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെടുമെന്നുള്ള വാദങ്ങളും ഹേലി മുന്നോട്ടുവച്ചു. നിലവിലെ പ്രസിഡന്റ് ജോ ബൈഡനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോഴും ട്രംപിന് തന്നെയാണ് കൂടുതൽ പിന്തുണയെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്.
നിക്കി ഹേലിയുടെ സ്വന്തം തട്ടകമാണെങ്കിലും വോട്ടർമാർ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ തന്നെ തിരഞ്ഞെടുക്കുമെന്ന് എക്സ്റ്റിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിച്ചിരുന്നു. 72 ശതമാനം പേരും ട്രംപിനെ അനുകൂലിക്കുന്നു എന്ന് എക്സിറ്റ് പോൾ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും അനധികൃത കുടിയേറ്റങ്ങൾ ഇല്ലാതാക്കാനും ട്രംപ് തന്നെ അധികാരത്തിൽ വരണമെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.
എന്നാൽ ഇതൊന്നും കൊണ്ട് താൻ മൽസരത്തിൽ നിന്ന് പിന്മാറില്ല എന്ന് ഹേലി വ്യക്തമാക്കികഴിഞ്ഞു.
നവംബറിലാണ് അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വീണ്ടും ട്രംപ്-ബൈഡൻ മത്സരമാകാനുള്ള സാധ്യത കൂടുതലാണ്
South Carolina Republicans vote for Donald Trump