സോള്‍: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റില്‍ 204 അംഗങ്ങള്‍ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്തു. ഇംപീച്ച്‌മെന്റ് വോട്ട് പാസാകാൻ 200 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതാണ് യൂനിനെതിരെ ഇംപീച്ച്‌മെന്റിന് കാരണമായത്.
അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ച യൂൻ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളില്‍ നിയമം പിൻവലിച്ചിരുന്നു. പട്ടാള നിയമം ഏർപ്പെടുത്തിയതിന് യൂൻ ക്ഷമാപണം നടത്തുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികള്‍ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു യൂൻ രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്തിയത്. ഇത് ദക്ഷിണ കൊറിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
യൂൻ ഓഫീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഹാൻ ഡക്ക് സോ ദക്ഷിണ കൊറിയയുടെ ആക്‌ടിംഗ് പ്രസിഡന്റായി ചുമതലയേല്‍ക്കും. ദക്ഷിണ കൊറിയയുടെ ഭരണഘടനാ കോടതിയായിരിക്കും യൂനിന്റെ ഭാവി നിർണയിക്കുക 180 ദിവസത്തിനകം റൂളിംഗ് നടപ്പാക്കും. കോടതി ഇംപീച്ച്‌മെന്റിന് അംഗീകാരം നല്‍കിയാല്‍ ദക്ഷിണ കൊറിയയില്‍ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റായി യൂൻ മാറും.