വാഷിംങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ഉത്തകൊറിയ സന്ദർശിച്ചിച്ചേക്കുമെന്ന് റിപ്പോർട്ട്. ഈ റിപ്പോർട്ടിന് പിന്നാലെ മുന്നയിപ്പുമായി യുഎസും ദക്ഷിണ കൊറിയയും രംഗത്തെത്തി. ഉത്തര കൊറിയയുമായി അടുത്ത സൈനിക ബന്ധം സ്ഥാപിക്കുന്നതിനെതിരെയാണ് ഇരു രാജ്യങ്ങളുടെയും മുന്നറിയിപ്പ്.
പുടിന്റെ സന്ദർശനത്തോടനുബന്ധിച്ച് കിം ഇൽ സങ് സ്‌ക്വയറിൽ പരേഡിന് സാധ്യതയുണ്ടെന്ന സൂചന നൽകി പ്യോങ്‌യാങ്ങിലെ വിമാനത്താവളത്തിൽനിന്ന് സിവിലിയൻ വിമാനങ്ങൾ നീക്കം ചെയ്തതായി സിയോൾ ആസ്ഥാനമായുള്ള വാർത്താ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറിൽ ഒരാഴ്ച നീണ്ട റഷ്യൻ പര്യടനത്തിനുശേഷം ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ പുടിൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയങ്ങൾ ലംഘിച്ച് ഉക്രെയ്നിനെതിരായ യുദ്ധത്തിൽ റഷ്യക്ക് ആയുധങ്ങൾ നൽകിയതിന് പകരമായി ഉത്തര കൊറിയക്ക് ബഹിരാകാശ പദ്ധതിയിൽ റഷ്യൻ സഹായം നൽകാൻ ഇരു നേതാക്കളും ധാരണയായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ തങ്ങൾ ഉത്തര കൊറിയൻ ആയുധങ്ങൾ ഉപയോഗിക്കുന്നുവെന്നത് അസംബന്ധമാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം. അതേദസമയം ഇക്കഴിഞ്ഞ ജനുവരി 2ന് റഷ്യയിൽ നിന്നു വിക്ഷേപിച്ച് ഉക്രെയ്ൻ നഗരമായ ഖാർകിവിൽ പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ ഉത്തര കൊറിയൻ ഹ്വാസോംഗ് -11 സീരീസ് ബാലിസ്റ്റിക് മിസൈലിൽ നിന്നുള്ളതാണെന്ന് യുഎൻ നിരീക്ഷകർ കണ്ടെത്തിയിരുന്നു.
ദക്ഷിണ കൊറിയയും ആശങ്കയോടെയാണ് കാര്യങ്ങൾ നോക്കിക്കാണുന്നത്. സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്ന് ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണ കൊറിയയുടെയും ചൈനയുടെയും വിദേശ-പ്രതിരോധ ഉദ്യോഗസ്ഥർ തമ്മിൽ അടുത്തയാഴ്ച ചർച്ചകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പുടിൻ തന്റെ ഉത്തര കൊറിയൻ യാത്രക്ക് തെരഞ്ഞെടുത്തതെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.