പരാതി പിൻവലിക്കാൻ പി.വി അൻവർ എംഎൽഎയെ വിളിച്ച സംഭവം; എസ്പി സുജിത് ദാസ് സർവ്വീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പരാതി പിൻവലിക്കാൻ പിവി അൻവർ എംഎൽഎയെ വിളിച്ച പത്തനംതിട്ട എസ്പി സുജിത്ത് ദാസ് സർവീസ് ചട്ടം ലംഘിച്ചുവെന്ന് റിപ്പോർട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നതായാണ് സൂചന.

പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. പത്തനംതിട്ട എസ്പിയാണ് സുജിത്ത് ദാസ്. അതിനാലാണ് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി റിപ്പോർട്ട് നൽകിയത്. പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ സുജിത്ത് അവധിയിൽ പ്രവേശിച്ചിരുന്നു. ഇന്ന് അവധി തീരും. നിലവിലെ പശ്ചാത്തലത്തിൽ അവധി ദീർഘിപ്പിക്കാനുള്ള സാധ്യതയുണ്ട്.

എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ രണ്ട് കോടിയുടെ അഴിമതിയും സുജിത്ത് ദാസ് ഐപിഎസിനെതിരെ പൊലീസ് ക്യാമ്പ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്ന ആരോപണവുമാണ് പിവി അൻവർ എംഎൽഎ ആദ്യം ഉന്നയിച്ചത്. തുടർന്ന് ഞായറാഴ്ച എംആർ അജിത്ത് കുമാറിനെതിരെയുള്ള ആരോപണങ്ങൾ അൻവർ കടുപ്പിച്ചതോടെ കേരള പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്. സുജിത്ത് ദാസിനെതിരെ നടപടി എടുക്കുകയാണെങ്കിൽ അജിത്ത് കുമാറിനെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

More Stories from this section

family-dental
witywide