ന്യൂഡല്‍ഹി: കിഴക്കന്‍ സ്‌പെയിനില്‍ അതീവ നാശം വിതച്ച മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 158 ആയി ഉയര്‍ന്നു, അഞ്ച് പതിറ്റാണ്ടിനിടെ യൂറോപ്പിലെ ഏറ്റവും മോശമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണിത്. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച വലന്‍സിയ മേഖലയിലെ ചില ഭാഗങ്ങളില്‍ എട്ട് മണിക്കൂറിനുള്ളില്‍ ഒരു വര്‍ഷം പെയ്യേണ്ട മഴയാണ് പെയ്തത്.
വലന്‍സിയ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗാരേജില്‍ കുടുങ്ങിയ ഒരു ലോക്കല്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ എട്ട് പേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതായി മേയര്‍ മരിയ ജോസ് കാറ്റാല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആധുനിക ചരിത്രം പരിശോധിച്ചാല്‍ സ്‌പെയിനിലെ ഏറ്റവും മോശമായ വെള്ളപ്പൊക്കംകൂടിയാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. 2021ല്‍ ജര്‍മ്മനിയില്‍ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ 185 പേരോളം മരിച്ചു. അതിനുമുമ്പ്, 1970-ല്‍ റൊമാനിയയില്‍ 209 പേരും 1967-ല്‍ പോര്‍ച്ചുഗലിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 500 ഓളം പേരും മരിച്ചു.
മെഡിറ്ററേനിയന്‍ കടലിലെ ചൂടുള്ള വെള്ളത്തിനു മുകളിലൂടെ തണുത്ത വായു നീങ്ങുമ്പോള്‍ സംഭവിക്കുന്ന ‘കോള്‍ഡ് ഡ്രോപ്പ്’ എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ശക്തമായ മഴയ്ക്ക് കാരണം. ചിലയിടങ്ങളില്‍ 24 മണിക്കൂറില്‍ 150 മില്ലീ മീറ്ററിലേറെ മഴ പെയ്തു. വളരെയധികം ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വലെന്‍സിയയില്‍ സ്‌കൂളുകളും പാര്‍ക്കുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.