റാഞ്ചി: വെള്ളിയാഴ്ച രാത്രി ജാർഖണ്ഡിലെ ദുംകയിൽ സ്പാനിഷ് സ്വദേശിയായ വനിത കൂട്ടബലാത്സംഗത്തിനിരയായി. യുവതിയും ഭർത്താവും ബൈക്കിൽ യാത്ര ചെയ്യവെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ദമ്പതികൾ ബൈക്കിൽ ദുംക വഴി ഭഗൽപൂരിലേക്ക് പോകുകയായിരുന്നു. അർദ്ധരാത്രിയോടെ ദുംകയിലെ ഹൻസ്ദിഹ മാർക്കറ്റിന് സമീപമുള്ള വിജനമായ പ്രദേശത്ത് ഒരു ടെന്റ് സ്ഥാപിച്ചു.
അവിടെ എത്തിയ ഒരു സംഘം ആളുകൾ അവരെ ആക്രമിക്കുകയും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. ആക്രമിക്കപ്പെട്ട സ്ത്രീക്ക് ഏകദേശം 35 വയസുണ്ട്. പത്തോളം ആളുകൾ ഉള്ള സംഘമാണ് ഇവരെ ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി പത്തുമണിയോടെ പൊലീസ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടൂറിസ്റ്റ് വിസയിലാണ് യുവതിയും ഭർത്താവും ഇന്ത്യയിലെത്തിയത്. ഇവർ ഏഷ്യയിലെ പല രാജ്യങ്ങളിലും യാത്ര ചെയ്ത് വരികയാണ്. ദുംകയിൽ എത്തുന്നതിന് മുമ്പ് ദമ്പതികൾ ബംഗ്ലാദേശിലും പാകിസ്ഥാനിലും പോയിരുന്നു. ജാർഖണ്ഡിൽ നിന്ന് നേപ്പാളിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.