സ്‌പെഷ്യല്‍ ബ്രേക്ക്ഫാസ്റ്റ്, ട്രോഫിയും ജേഴ്‌സിയും ഡിസൈന്‍ ചെയ്ത കേക്ക്…ഇന്ത്യന്‍ ടീമിന് ഊഷ്മള വരവേല്‍പ്പ്‌

ബാര്‍ബഡോസിന്റെ മണ്ണില്‍ ആവേശം തീര്‍ത്ത് ടി20 ലോകകപ്പുമായി മടങ്ങിയെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പ്. പ്രതികൂല കാലാവസ്ഥ തീര്‍ത്ത അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്ന് രാവിലെ ടീം അംഗങ്ങളും കുടുംബവും അടക്കം ഡല്‍ഹിയില്‍ പറന്നിറങ്ങിയത്. വിമാനത്താവളത്തില്‍ ആരാധകര്‍ തടിച്ചുകൂടി സന്തോഷം പങ്കുവെച്ചിരുന്നു. വിജയികളായ ടീമിനെ സ്വാഗതം ചെയ്യാന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പോസ്റ്ററുകള്‍ ഉയര്‍ത്തിയാണ് ആരാധകര്‍ ആവേശം പങ്കുവെച്ചത്.

ഡല്‍ഹിയിലെ ചാണക്യപുരിയിലെ ഐടിസി മൗര്യ എന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ വ്യാഴാഴ്ച എത്തിയ ടീം അംഗങ്ങളെ കാത്തിരുന്നത് സ്‌പെഷ്യല്‍ പ്രഭാത ഭക്ഷണവും വ്യത്യസ്തമായൊരുക്കിയ കേക്കുമായിരുന്നു. താരങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സ്‌പെഷ്യല്‍ കേക്കിന്റെ ചിത്രങ്ങളാകട്ടെ ഇതിനകം തന്നെ വൈറലായിട്ടുണ്ട്. ടീം ഇന്ത്യയുടെ ജേഴ്സിയുടെ നിറങ്ങളില്‍ രൂപകല്‍പ്പന ചെയ്തതായിരുന്നു കേക്ക്. കേക്കിനു മുകളില്‍ ചോക്ലേറ്റുകൊണ്ട് തയ്യാറാക്കിയ ടി20 ട്രോഫിയും സ്ഥാനം പിടിച്ചിരുന്നു.

ഐടിസി മൗര്യയുടെ ഷെഫ് ശിവ്‌നീത് പഹോജയാണ് ഈ മനോഹര ഡിസൈനിന്റെ പിന്നില്‍. മൂന്നു ലെയറുകളുള്ള കേക്ക് തയ്യാറാക്കാന്‍ ഷെഫുകളും പേസ്ട്രി ഷെഫുകളും എല്ലാ പാചകക്കാരും ഒരു രാത്രി മുഴുവന്‍ എടുത്തെന്നും രാവിലെ 5:30 നാണ് കേക്ക് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

കളിക്കാരുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് തയ്യാറാക്കിയതെന്നും വിരാട് കോഹ്ലിക്ക് ചോളെ ഭട്ടൂര എത്രമാത്രം ഇഷ്ടമാണെന്ന് പറയേണ്ടതുണ്ടോ? ഇതിലും നല്ല സ്വീകരണം കിട്ടുമോ? എന്നും അദ്ദേഹം സന്തോഷം പങ്കുവെച്ചു.

ഇവയ്ക്കു പുറമേ, താരങ്ങളുടെ ഹോട്ടല്‍ മുറികളില്‍ ചില കോംപ്ലിമെന്ററി ട്രീറ്റുകള്‍ ഉണ്ടെന്നും ഷെഫ് സൂചിപ്പിച്ചു. കളിയുമായി ബന്ധപ്പെട്ട ഡയറ്റിന്റെ ഭാഗമായി ചിലപ്പോള്‍ അവര്‍ ചോക്കളേറ്റുകള്‍ കഴിച്ച് കുറച്ചുനാളായിരിക്കാമെന്നും അതിനാല്‍ത്തന്നെ അവര്‍ക്കായി വളരെ മികച്ച ചില ചോക്ലേറ്റുകളും ഒരുക്കിയിട്ടുണ്ടെന്നും ഷെഫ് പഹോജ പറഞ്ഞു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. ഇത് ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീടമായി കായിക ചരിത്രം അടയാളപ്പെടുത്തി. മുമ്പ് 2007 ല്‍ ആയിരുന്നു ഇന്ത്യ ആദ്യ ട്രോഫി നേടിയത്.