ന്യൂജേഴ്സി: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2024-2025 കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത് പ്രധാന്‍ സംസാരിച്ചത്. കേരളവുമായി അടുത്ത ബന്ധമാണ് തനിക്ക് ഉള്ളത്. കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിച്ച പരിചയമുണ്ട്. അമേരിക്കയിലെ മലയാളി സമൂഹവുമായും ഫോമ, ഫൊക്കാന തുടങ്ങിയ സംഘടനകളുമായും വിവിധ പ്രശ്നങ്ങളും വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ഒ.സി.ഐ കാര്‍ഡുകള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു.
അമേരിക്കന്‍ പാസ്പോര്‍ട് ഉള്ള ഇന്ത്യക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഒ.സി.ഐ കാര്‍ഡുകള്‍ ലഭിക്കാന്‍ തടസ്സമുണ്ടെങ്കില്‍ അത് പരിഹരിക്കും. അതിനായി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് ആരംഭിക്കും. ഇന്ത്യയും അമേരിക്കയും തമ്മില്‍ മുന്‍കാലങ്ങളെ പോലെയല്ല ഏറ്റവും അടുത്ത സൗഹൃദമാണ് ഇപ്പോഴുള്ളത്. ആണവ പരീക്ഷണകാലത്ത് ഇന്ത്യക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആ കാലമൊക്കെ മാറി. ഇപ്പോള്‍ നല്ല സൗഹൃദത്തിന്റെ കാലമാണെന്നും ദുബായിലെ പോലെ ന്യജേഴ്സില്‍ ഇന്ത്യ മാര്‍ട്ട് തുടങ്ങാനുള്ള ആലോചനകള്‍ നടക്കുകയാണെന്നും ശ്രീകാന്ത് പ്രധാന്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തിയപ്പോള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അവരെ ഏറ്റവും സഹായിക്കാന്‍ സാധിക്കുക ഇന്ത്യന്‍ സമൂഹത്തിന് തന്നെയാണ്. അക്കാര്യങ്ങളും ഇവിടുത്തെ ഇന്ത്യന്‍ സമൂഹവുമായി ചര്‍ച്ച ചെയ്യുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറി ഷിജോ പൗലോസ് സ്വാഗതം പറഞ്ഞ ചടങ്ങ് എംഎല്‍എ റോജി എം.ജോണാണ് ഉദ്ഘാടനം ചെയ്തത്. ഹ്യൂസ്റ്റണിലെ മലയാളി ജഡ്ജി ജൂലി മാത്യു ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ളബ് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍, ഫോമ നാഷണല്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍, ഡബ്ള്യു എം.സി ഗ്ളോബൽ പ്രസിഡന്റ് തോമസ് മുണ്ടക്കല്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, വൈസ് പ്രസിഡന്റ് മൊയ്‌തീൻ പുത്തൻചിറ, ജോയിന്റ് സെക്രട്ടറി മാനുവൽ ജേക്കബ്, നാഷണല്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ മെമ്പേഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.
Special consular camps for OCI Cards says Indian consul general New York